ഇനി ചോദ്യം ചെയ്യാനുള്ളവരുടെ പട്ടികയില്‍ സൂരജിന്റെ സഹോദരിയുടെ ആണ്‍ സുഹൃത്തും; ഉത്രാ കൊലക്കേസില്‍ നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം

കൊല്ലം: ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് സൂരജിന്റെ അമ്മ രേണുകയേയും സഹോദരി സൂര്യയേയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. രണ്ടു ദിവസങ്ങളിലായി ക്രൈംബ്രാഞ്ച് സംഘം പതിനേഴു മണക്കൂറില്‍ കൂടുതലാണ് ഇവരെ ചോദ്യം ചെയ്തത്. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും ഇവരെ ചോദ്യം ചെയ്യുക. അതേസമയം, കേസില്‍ സൂരജിന്റെ ചില സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി എടുത്ത ശേഷമാണ് അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യുന്നത്.

ഇതിനായി ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക അന്വേഷണസംഘം നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. ഇതില്‍ സൂരജിന്റെ സഹോദരി സൂര്യയുടെ ആണ്‍ സുഹൃത്തും ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ഇയാളെയും വിശദമായി ചോദ്യം ചെയ്യാന്‍ തന്നെയാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. നേരത്തെ കേസിലെ മുഖ്യപ്രതി സൂരജിനെ സൂര്യയുടെ ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും കേസില്‍ ഇവരെ പ്രതിയാക്കണമോ എന്ന് അന്വേഷണസംഘം തീരുമാനിക്കുക.

നേരത്തെ, തെളിവ് നശിപ്പിക്കല്‍, കേസിലെ ഗുഢാലോചനയില്‍ പങ്ക് എന്നിവ സംബന്ധിച്ചായിരുന്നു സൂരജിന്റെ അമ്മയെയും സഹോദരിയെയും പോലീസ് ചോദ്യം ചെയ്തത്. കേസിലെ പ്രതികളായ സൂരജിനും പിതാവ് സുരേന്ദ്രനും ഒപ്പം ഇരുത്തിയായിരുന്നു ആദ്യഘട്ട ചോദ്യം ചെയ്യല്‍. അന്വേഷണ സംഘത്തിന്റെ ആവര്‍ത്തിച്ചുള്ള പല ചോദ്യങ്ങള്‍ക്കും കൊലപാതകത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും തങ്ങള്‍ക്ക ഒരു പങ്കുമില്ലെന്ന് ഇരുവരും ആവര്‍ത്തിക്കുകയായിരുന്നു.

കൊലപാതകത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും വീട്ടുകാര്‍ക്ക് പങ്കുണ്ടോയെന്നാണ് പരിശോധിക്കുന്നത്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതും ഗാര്‍ഹിക പീഡനവുമാണ് പിതാവ് സുരേന്ദ്രനെതിരായ കുറ്റം. സ്വര്‍ണം ഒളിപ്പിച്ചത് രേണുകയ്ക്കും സൂര്യക്കും അറിയാമായിരുന്നുവെന്നാണ് സുരേന്ദ്രന്റെ മൊഴി. ഇത് കണ്ടെത്താനായാല്‍ ഈ കുറ്റം ചുമത്തി ഇരുവരെയും അറസ്റ്റ് ചെയ്‌തേക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News