ഉത്രവധക്കേസില്‍ സൂരജിന്റെ അമ്മയേയും സഹോദരിയേയും അറസ്റ്റ് ചെയ്‌തേക്കും; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം
അടൂര്‍: ഉത്രവധക്കേസില്‍ ഭര്‍ത്താവും ഒന്നാം പ്രതിയുമായ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കും. ഇരുവരോടും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശിച്ചു. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ ഇന്നലെ രാത്രി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
സൂരജിന്റെ പറക്കോടുള്ള വീട്ടില്‍ ക്രൈംബ്രാഞ്ച് ഇന്നലെ നടത്തിയ പരിശോധനയ്ക്കും തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷമായിരുന്നു അറസ്റ്റ്. സുരജും സുഹൃത്ത് സുരേഷും നേരത്തെ അറസ്റ്റിലായിരുന്നു.
സുരേന്ദ്രനെ ചോദ്യം ചെയ്തതിനൊടുവില്‍ വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍ കുഴിച്ചിട്ടിരുന്ന ഉത്രയുടെ സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു. കൊലപാതകവും അനുബന്ധ സംഭവങ്ങളും അച്ഛന് അറിയാമായിരുന്നെന്നു സൂരജ് നേരത്തെ ക്രൈംബ്രാഞ്ചിനു മൊഴി നല്‍കിയിരുന്നു.
ഈ മൊഴിയെത്തുടര്‍ന്നാണ് ഇന്നു പോലീസ് ഇയാളെ ചോദ്യം ചെയ്തത്. തുടര്‍ന്നു സ്വര്‍ണം കുഴിച്ചിട്ടിരുന്ന സ്ഥലം സുരേന്ദ്രന്‍ കാണിച്ചുകൊടുക്കുകയായിരുന്നു.