സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനം ആര്‍ക്കും മുടങ്ങില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ആര്‍ക്കും ഓണ്‍ലൈന്‍ പഠനം മുടങ്ങില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. ആദ്യത്തെ ക്ലാസ് നഷ്ടപ്പെട്ടവര്‍ക്ക് വീണ്ടും പങ്കെടുക്കാനുള്ള അവസരം ഉണ്ടാകും. ഇപ്പോഴത്തെ ക്ലാസുകള്‍ വീണ്ടും സംപ്രേഷണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഓണ്‍ലൈന്‍ പഠനം ആര്‍ക്കും മുടങ്ങില്ല. സൗകര്യമില്ലാത്തവരുടെ കണക്കെടുക്കുകയാണ്. എല്ലാവര്‍ക്കും സൗകര്യം ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥി ജീവനൊടുക്കിയത് സംബന്ധിച്ച് ഡഡിഇയോട് റിപ്പോര്‍ട്ട് തേടിയതായും അദ്ദേഹം അറിയിച്ചു.
അതേസമയം വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സാമഗ്രികള്‍ നല്‍കുമെന്ന് വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി അറിയിച്ചു. മുഖ്യമന്ത്രിക്കും കളക്ടര്‍ക്കും രാഹുല്‍ ഗാന്ധി ഇതു സംബന്ധിച്ച് കത്തയച്ചു.
മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആദിവാസികളായ വിദ്യാര്‍ഥികള്‍ക്ക് നൂതന ഉപകരണങ്ങള്‍ നല്‍കണമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. എന്തൊക്കെ സാധനങ്ങള്‍ വേണമെന്ന് അറിയിക്കണമെന്നും പുതിയ പഠന രീതിക്ക് തന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.