25.2 C
Kottayam
Friday, May 17, 2024

കർഷകൻ മരിച്ച സംഭവം: കാട്ടുപോത്തിനെ വെടിവയ്ക്കാൻ നിർദേശം നൽകിയതായി മന്ത്രി

Must read

കോഴിക്കോട്: കൂരാച്ചുണ്ടില്‍ വന്യജീവി ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അക്രമകാരിയായ കാട്ടുപോത്തിനെ വെടിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. ആശുപത്രിയില്‍ ചികിത്സയിലായതിനാലാണു സംഭവസ്ഥലത്തെത്താന്‍ സാധിക്കാതിരുന്നത്. വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തും. നിരീക്ഷണം ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

‘‘ജനങ്ങളു‍ടെ ജീവൻ സംരക്ഷിക്കുന്നതിനായി നടപടികൾ ഊർജിതമാക്കും. കൂടുതല്‍ ഉദ്യോഗസ്ഥരെ പ്രദേശത്തേക്ക് അയയ്ക്കാൻ നിർദേശം നൽകി. 48 മണിക്കൂറിനകം തന്നെ സഹായധനം നൽകാനും നിർദേശം നൽകിയിട്ടുണ്ട്. സംഭവസ്ഥലത്ത് നിരീക്ഷണം ശക്തമാക്കാൻ കലക്ടർക്കു നിർദേശം നൽകിയിട്ടുണ്ട്. സ്ഥിരം സംവിധാനം വേണമെന്ന നാട്ടുകാരുടെ ആവശ്യം ന്യായമാണ്. സർക്കാർ എത്രയും വേഗത്തിൽ അതിനുള്ള നടപടികൾ സ്വീകരിക്കും’’– മന്ത്രി അറിയിച്ചു.  

കൃഷിയിടത്തില്‍ വച്ചായിരുന്നു പാലാട്ടി ഏബ്രഹാം (69)നെ കാട്ടുപോത്ത് ആക്രമിച്ചത്. വൈകിട്ടോടെയായിരുന്നു സംഭവം. ഏബ്രഹാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അതേസമയം, പ്രദേശത്ത് നിരന്തരം കാട്ടുപോത്ത് ഇറങ്ങാറുണ്ടെന്നു പരിസരവാസികൾ പറഞ്ഞു. ഉദ്യോഗസ്ഥരോടു പരാതി പറഞ്ഞു മടുത്തു. നാട്ടിലിറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാനുള്ള സംവിധാനം പോലും ഇല്ലെന്നു നാട്ടുകാർ ആരോപിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week