പ്രിയങ്കയെ അൺഫോളോ ചെയ്തു; ഡിവോഴ്സിന് കാരണം നാൽപത് കഴിഞ്ഞ അനുജന്റെ ഭാര്യയുമായുള്ള താരതമ്യം?
മുംബൈ:പോപ് ഗായകൻ ജോ ജോനാസും നടി സോഫി ടർണറും തമ്മിലുള്ള വിവാഹമോചനം ഹോളിവുഡിൽ ആഴ്ചകളായി ചർച്ചയാണ്. കഴിഞ്ഞ ദിവസമാണ് മക്കളുടെ സംരക്ഷണാവകാശം സംബന്ധിച്ച തർക്കത്തിൽ രണ്ട് പേരും ഒത്തുതീർപ്പിലെത്തിയത്. പ്രണയിച്ച് വിവാഹിതരായ ജോ ജോനാസും സോഫിയും വേർപിരിഞ്ഞത് ആരാധകരെ ഏറെ നിരാശപ്പെടുത്തുന്നു. നാല് വർഷത്തെ വിവാഹ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. വിവാഹ മോചനത്തിന് കാരണമെന്ന പേരിൽ പല അഭ്യൂഹങ്ങളും വരുന്നുണ്ടെങ്കിലും താരങ്ങൾ ഇവയൊന്നും സ്ഥിരീകരിച്ചിട്ടില്ല.
നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവ് നിക് ജോനാസിന്റെ സഹോദരനാണ് ജോ ജോനാസ്. അതിനാൽ ബോളിവുഡിലും വിഷയം ചർച്ചയാകുന്നുണ്ട്. പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹത്തിന് ജോ ജോനാസും സോഫിയും ഇന്ത്യയിൽ എത്തിയിരുന്നു. പ്രിയങ്കയുമായി നല്ല സൗഹൃദത്തിലായിരുന്നു സോഫി ടർണർ. എന്നാൽ ഈ വിവാഹമോചനത്തോടെ ഈ സൗഹൃദത്തിലും വിള്ളൽ വന്നെന്നാണ് റിപ്പോർട്ടുകൾ.
സോഫിയും പ്രിയങ്കയും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തിട്ടുണ്ട്. ഇതാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്. ജോ ജോനാസ്-സോഫി പ്രശ്നത്തിൽ പ്രിയങ്ക ധർമ്മ സങ്കടത്തിലായെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. കോടതിയിൽ കേസ് നടന്ന് കൊണ്ടിരിക്കവെ ആരുടെ പക്ഷം ചേരാനും പ്രിയങ്ക ഇതുവരെ പരസ്യമായി തയ്യാറായിട്ടില്ല. നിക് ജോനാസും വിഷയത്തിൽ മൗനം പാലിക്കുന്നു.
വിവാഹമോചനം ജോനാസ് കുടുംബത്തെ നിരാശപ്പെടുത്തുന്നുണ്ടെങ്കിലും ഇതേക്കുറിച്ച് പരസ്യ പ്രതികരണത്തിന് ആരും തയ്യാറായിട്ടില്ല. വിഷമഘട്ടത്തിൽ ജോ ജോനാസിനെ ആശ്വസിപ്പിച്ച് കൊണ്ട് സഹോദരൻമാരായ ജോ ജോനാസും കെവിൻ ജോനാസും ഒപ്പമുണ്ട്. സോഫിക്കും ജോ ജോനാസിനും ഇടയിലുണ്ടായ പ്രശ്നത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും വന്നിരുന്നു. മുന്നോട്ടുള്ള ജീവിതത്തിൽ വന്ന അഭിപ്രായ വ്യത്യാസങ്ങളാണ് രണ്ട് പേരെയും അകറ്റിയതെന്നാണ് സൂചന.
23ാം വയസിലാണ് സോഫി ടർണർ വിവാഹിതയാകുന്നത്. ഗെയിം ഓഫ് ത്രോൺസ് എന്ന സീരീസിലൂടെ വൻ ജനപ്രീതി നേടിയ സോഫിക്ക് കൈ നിറയെ അവസരങ്ങൾ വന്നിട്ടും വിവാഹിതയായി കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകാനായിരുന്നു സോഫി ടർണറിന്റെ തീരുമാനം. സോഷ്യൽ മീഡിയയിൽ വന്ന അധിക്ഷേപങ്ങൾ അക്കാലത്ത് സോഫിയെ ബാധിച്ചിരുന്നു. മാനസികമായി തകർന്ന് നിൽക്കുന്ന സമയത്താണ് നടി ജോ ജോനാസുമായി അടുക്കുന്നതും വിവാഹം ചെയ്യുന്നതും. 27 കാരിയായ സോഫി ഇന്ന് രണ്ട് കുട്ടികളുടെ അമ്മയാണ്.
റിപ്പോർട്ടുകൾ പ്രകാരം ചെറുപ്പകാലം മുഴുവൻ കുടുംബ ജീവിതത്തിനായി മാറ്റിവെച്ചെന്ന തോന്നൽ സോഫിക്കുണ്ട്. കരിയറിലേക്ക് ശ്രദ്ധ നൽകാൻ സോഫി ആഗ്രഹിക്കുന്നു. ഇതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് വിവരം. ഇതിന് പുറമെ അനുജന്റെ ഭാര്യയായ പ്രിയങ്ക ചോപ്രയുമായി ജോ ജോനാസ് സോഫിയെ താരതമ്യം ചെയ്തെന്നും ഗോസിപ്പുകൾ വന്നു.
പ്രിയങ്ക ചോപ്രയും നിക് ജോനാസും കരിയറിനും കുടുംബ ജീവിതത്തിനും തുല്യ പ്രാധാന്യം കൊടുക്കുന്നു. ഇവരെ പോലെ സെറ്റിൽഡ് ആയ ജീവിതമാണ് ജോ ജോനാസ് ആഗ്രഹിക്കുന്നത്. എന്നാൽ പ്രിയങ്ക ചോപ്രയുടെ പ്രായം നാൽപത്തൊന്നാണ്. ഇരുപതുകളിലുള്ള താൻ ഇപ്പോഴേ ഇങ്ങനെയൊരു ജീവിതത്തിലേക്ക് കടക്കണോ എന്ന സംശയം സോഫിക്കുണ്ടായെന്ന് ഹോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.