26.3 C
Kottayam
Sunday, May 5, 2024

‘ഭരണഘടനാ വിരുദ്ധ പ്രസ്താവന’; ഗവർണറെ രാഷ്ട്രപതി തിരുത്തണമെന്ന് സിപിഎം പിബി 

Must read

തിരുവനന്തപുരം : ആക്ഷേപം ഉന്നയിക്കുന്ന മന്ത്രിമാരെ പിൻവലിക്കുമെന്ന ഗവര്‍ണറുടെ മുന്നറിയിപ്പില്‍ രൂക്ഷ വിമർശനവുമായി സിപിഎം പിബി. കേരളാ ഗവർണറുടെ ഭരണഘടനാ വിരുദ്ധ പ്രസ്താവനകൾ രാഷ്ട്രപതി വിലക്കണമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും ഭരണഘടനാ വിരുദ്ധ പ്രസ്താവനകൾ നടത്തുന്നതിൽനിന്ന് രാഷ്ട്രപതി ഗവർണറെ തടയണമെന്നും പിബി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. 

ഗവർണറുടെ പ്രസ്താവനക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രംഗത്തെത്തി. തെറ്റായ പ്രവണതയാണ് ഗവർണർ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും  മന്ത്രിമാരെ തിരിച്ചുവിളിക്കാൻ ഒരു ഗവർണർക്കും അവകാശമില്ലെന്നും എം വി ഗോവിന്ദനും പ്രതികരിച്ചു.  

ആക്ഷേപം ഉയർത്തുന്ന മന്ത്രിമാരെ പിൻവലിക്കുമെന്ന അസാധാരണ ഭീഷണിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ട്വിറ്ററിലൂടെ നടത്തിയത്. സർക്കാറും ഗവർണറും തമ്മിലെ ഭിന്നത രൂക്ഷമായിരിക്കെയാണ് ആരിഫ് മുഹമ്മദ് ഖാൻറെ മുന്നറിയിപ്പ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറെ ഉപദേശിക്കാം. എന്നാൽ ഗവർണറുടെ അന്തസ് കെടുത്തുന്ന രീതിയിൽ പ്രസ്താവന നടത്തിയാൽ മന്ത്രി സ്ഥാനം റദ്ദാക്കുന്നത് അടക്കമുള്ള നടപടി സ്വീകരിക്കുമെന്നാണ് ഗവർണറുടെ ട്വീറ്റ്.

ഗവർണർ ആർഎസ്എസ് പാളയത്തിൽ നിന്നും വരുന്നു, രാജ്ഭവനും ഭരണഘടന പാലിക്കണം എന്നതടക്കമുള്ള സമീപകാലത്തെ മന്ത്രി ആർ ബിന്ദുവിൻറെ പ്രസ്താവനകളടക്കമാണ് ഗവർണറെ ചൊടിപ്പിച്ചത്. സർവ്വകലാശാല നിയമഭദേഗതി ബിൽ ഒപ്പിടാതിരുന്ന ഗവർണറെ നേരത്തെ മന്ത്രി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അസാധാരണ നടപടി.

ഭരണഘടനയിൽ മന്ത്രിമാരുടെ നിയമനത്തെ കുറിച്ച് പറയുന്ന 164 ആം അനുച്ഛേദം ആയുധമാക്കിയാണ് രാജ്ഭവൻ നീക്കം. മുഖ്യമന്ത്രിയുടെ ഉപദേശ പ്രകാരമാണ് മന്ത്രിമാരുടെ നിയമനം എങ്കിലും ഗവർണർക്ക് താല്പര്യം അനുസരിച്ച് പിൻവലിക്കാൻ ഭരണഘടന അധികാരം നൽകുന്നുവെന്നാണ് വിശദീകരണം. 

എന്നാൽ ഇന്ത്യൻ ഭരണഘടനാ പ്രകാരം മന്ത്രിമാരെ പിൻവലിക്കാൻ ഗവർണർക്ക് അധികാരമില്ലെന്നാണ് ഒരു വിഭാഗം വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഭരണഘടനയുടെ 164 ആം വകുപ്പിലെ ‘pleasure of the governor’ എന്ന ഭാഗത്തെ വാചകാർത്ഥത്തിൽ എടുക്കരുതെന്നും മുഖ്യമന്ത്രിയുടെ നിർദ്ദേശമുണ്ടെങ്കിൽ മാത്രമേ ഒരു മന്ത്രിയെ മാറ്റാൻ ഗവർണർക്ക് അധികാരമുള്ളുവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week