26.6 C
Kottayam
Saturday, May 18, 2024

‘മന്ത്രിമാരെ പിൻവലിക്കാനുള്ള അധികാരം ഗവർണർക്കില്ല’; നിയമവിരുദ്ധമായി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പ്രതിപക്ഷം

Must read

തിരുവനന്തപുരം: ഗവർണറെ ആക്ഷേപിക്കുന്ന മന്ത്രിമാരെ പിൻവലിക്കുമെന്ന ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൃത്യമായ ഇടപെടലുകൾക്കാണ് ഗവർണർ അധികാരം ഉപയോഗിക്കേണ്ടതെന്നും സർക്കാർ വീഴ്ചകളുടെ പേരിൽ മന്ത്രിമാരെ പിൻവലിക്കാനുള്ള അധികാരമൊന്നും ഗവർണർക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു. നിയമവിരുദ്ധമായി ഒന്നും ചെയ്യാൻ ഗവർണർക്ക് കഴിയില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, സർക്കാർ-ഗവർണർ പോര് കാര്യമില്ലാത്തതാണെന്നും കൂട്ടിച്ചേര്‍ത്തു. 

സംഘപരിവാറുമായി സന്ധിയുണ്ടാക്കിയ സിപിഎമ്മാണ് ഗവർണറെ കുറ്റം പറയുന്നത്. നിയമവിരുദ്ധമായി നിയമിച്ച വി സി അധികാരത്തിലിരിക്കുന്നത് ഗവർണർ കാണുന്നില്ലെന്ന് കുറ്റപ്പെടുത്തിയ സതീശൻ, പിന്നെ എന്ത് ഇടപെടലാണ് ഗവർണർ നടത്തുന്നതെന്നും ചോദിച്ചു. വിഴിഞ്ഞം സമരം തീർക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സമരക്കാരുമായി സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തതെന്താണെന്ന് ചോദിച്ച വി ഡി സതീശന്‍, ഇത് തന്നെയാണ് എൻഡോസൾഫാൻ സമരത്തിന്റെ അവസ്ഥയെന്നും കുറ്റപ്പെടുത്തി. ദയാബായിയെ കേൾക്കാൻ പോലും സർക്കാർ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.

ആക്ഷേപിച്ചാൽ മന്ത്രിമാരെ പിൻവലിക്കുമെന്ന അസാധാരണ ഭീഷണിയുമായി ഗവർണർ രംഗത്തെത്തിയിരിക്കുന്നത്. സർക്കാറും ഗവർണറും തമ്മിലെ ഭിന്നത രൂക്ഷമായിരിക്കെയാണ് ആരിഫ് മുഹമ്മദ് ഖാൻ്റെ മുന്നറിയിപ്പ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറെ ഉപദേശിക്കാം. എന്നാൽ ഗവർണറുടെ അന്തസ്സ് കെടുത്തുന്ന രീതിയിൽ പ്രസ്താവന നടത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് അടക്കമുള്ള നടപടി സ്വീകരിക്കുമെന്നാണ് ഗവർണറുടെ ട്വീറ്റ്. 

ഗവർണർ ആർഎസ്എസ് പാളയത്തിൽ നിന്നും വരുന്നു, രാജ്ഭവനും ഭരണഘടനാ പാലിക്കണം എന്ന സമീപകാലത്തെ മന്ത്രി ആർ ബിന്ദുവിൻ്റെ പ്രസ്താവനകളടക്കമാണ് ഗവർണറെ ചൊടിപ്പിച്ചത്. സർവകലാശാല നിയമഭദേഗതി ബിൽ ഒപ്പിടാതിരുന്ന ഗവർണറെയായിരുന്നു മന്ത്രി വിമർശിച്ചത്. ഭരണഘടനയിൽ മന്ത്രിമാരുടെ നിയമനത്തെ കുറിച്ച് പറയുന്ന 164 ആം അനുച്ഛേദം ആയുധമാക്കിയാണ് രാജ്ഭവൻ നീക്കം. മുഖ്യമന്ത്രിയുടെ ഉപദേശ പ്രകാരമാണ് മന്ത്രിമാരുടെ നിയമനം എങ്കിലും ഗവർണർക്ക് താല്പര്യം അനുസരിച്ച് പിൻവലിക്കാൻ ഭരണഘടന അധികാരം നൽകുന്നുവെന്നാണ് വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week