കീവ്: യുക്രൈനില്‍ (Ukraine) നാശം വിതച്ച് മുന്നേറുന്നതിനിടെ ചര്‍ച്ചയാകാമെന്ന് അറിയിച്ച് റഷ്യ(Russia). യുക്രൈന്‍ ആയുധം താഴെവെച്ചാല്‍ ചര്‍ച്ചയാകാമെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അറിയിപ്പ്. യുക്രൈന്‍ ആയുധം താഴെ വെച്ച് കീഴടങ്ങണമെന്ന് വിദേശകാര്യമന്ത്രിസെര്‍ജി ലാവ്റോവ് പറഞ്ഞു.
റഷ്യൻ സൈന്യം യുക്രൈൻ തലസ്ഥാനമായ കീവിന് തൊട്ടടുത്ത് എത്തിയതോടെ യുക്രൈൻ പ്രസിഡന്റ് വൊളഡിമിർ സെലെൻസ്കിയെ ബങ്കറിലേക്ക് മാറ്റി. റഷ്യയുടെ ആക്രമണങ്ങള്‍ക്ക് യുക്രൈന്‍ തിരിച്ചടി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ എയര്‍ഫീല്‍ഡിന് നേരെ യുക്രൈന്‍ മിസൈല്‍ ആക്രമണം നടത്തിയെന്നാണ് വിവരം. റൊസ്തോവിലാണ് മിസൈല്‍ ആക്രമണമുണ്ടായത്. റഷ്യന്‍ വിമാനങ്ങളുടെ യാത്ര വൈകിപ്പിക്കാനായെന്ന് യുക്രൈന്‍ സേന അറിയിച്ചു.
റഷ്യന്‍ സേനയുടെ ആക്രമണത്തോട് ചെറുത്ത് നില്‍ക്കാന്‍ യുക്രൈന്‍ ജനതയോട് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. പൌരര്‍ക്കും കീവില്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കും ആയുധം വിതരണം ചെയ്തു. യുക്രൈന്‍ തലസ്ഥാനം പിടിക്കാനുള്ള കനത്ത പോരാട്ടത്തിലാണ് റഷ്യ. പാര്‍ലമെന്‍റ് മന്ദിരത്തിന് ഒന്‍പത് കിലോമീറ്റര്‍ അടുത്ത് റഷ്യന്‍ സൈന്യമെത്തിയെന്നാണ് വിവരം. കീവിലെ ഒബലോണില്‍ വെടിയൊച്ചകള്‍ കേള്‍ക്കുന്നുണ്ട്. ജനവാസ കേന്ദ്രത്തില്‍ സൈനിക ടാങ്കുകളെത്തി. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ജനങ്ങളോട് ഭരണകൂടം ആവശ്യപ്പെട്ടു.
അതേസമയം യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ ഇന്ത്യ നാളെ മുതൽ അയൽരാജ്യങ്ങളിലേക്ക് വിമാനങ്ങൾ അയക്കും. ആദ്യഘട്ടമായി റൊമാനിയയിലേക്കും ഹംഗറിയിലേക്കും വിമാനങ്ങൾ അയയ്ക്കാനാണ് സാധ്യത. ഇന്ന് മാത്രം ആയിരം വിദ്യാർത്ഥികളെ യുക്രൈനിൽ നിന്ന് ഒഴിപ്പിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഒഴിപ്പിക്കലിന് മേൽനോട്ടം വഹിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർ ചില അതിർത്തി പോസ്റ്റുകളിൽ എത്തി. പോളണ്ട്, സ്ലൊവേകിയ, ഹംഗറി, റൊമാനിയ അതിർത്തി കടക്കുന്നവരെ അവിടെ നിന്ന് മടക്കിക്കൊണ്ടുവരും. അതിർത്തിയിൽ ഇതിനുള്ള സൗകര്യം ഒരുക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. നാലു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ സംസാരിച്ചു. എയർ ഇന്ത്യയുടെ വിമാനങ്ങൾ തയ്യാറാക്കി നിറുത്തിയിട്ടുണ്ട്. നാളെ റൊമാനിയയിലെ ബുക്കാറസ്റ്റിലേക്കും ഹംഗറിയിലെ ബുഡാപെസ്റ്റിലേക്കും വിമാനം അയക്കാനാണ് സാധ്യത.
യുദ്ധസാഹചര്യത്തിൽ യുക്രൈനിൽ നിന്നും മടങ്ങുന്ന തമിഴ്നാട് സ്വദേശികളുടെ യാത്രാചിലവ് വഹിക്കുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. യുക്രൈനിൽ പഠിക്കാൻ പോയ തമിഴ് നാട്ടിൽ നിന്നുള്ള അയ്യായിരത്തോളം വിദ്യാർത്ഥികളുടെ യാത്രാ ചിലവ് വഹിക്കാനാണ് സർക്കാർ തീരുമാനിച്ചത്. യുക്രൈനിൽ കുടുങ്ങി കിടക്കുന്നവർ തമിഴ്നാട് സർക്കാരിന്റെ പോർട്ടലിൽ റജിസ്റ്റർ ചെയ്യണമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദ്ദേശിച്ചു. അയ്യായിരത്തോളം തമിഴ് വിദ്യാർത്ഥികളാണ് യുക്രൈനിലുള്ളത്. ഇവരെ തിരിച്ചെത്തിക്കാൻ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് സ്റ്റാലിൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചിട്ടുണ്ട്. മോചനകാര്യങ്ങൾ തമിഴ്നാട് സർക്കാരുമായി കൂടിയാലോചിക്കാൻ നോഡൽ ഓഫീസറെ നിയമിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. മെഡിസിനും എൻജിനീയറിംഗും പഠിക്കാനാണ് തമിഴ്നാട് സ്വദേശികളിലേറെയും യുക്രൈനിലേക്ക് പോയത്. ഇവരിൽ ഭൂരിഭാഗം പേരും കീവിൽ ആണുള്ളതെന്നാണ് വിവരം.