FeaturedKeralaNews

പണക്കിഴി വിവാദത്തില്‍ വെട്ടിലായി, തൃക്കാക്കര നഗരസഭയിലെ മുന്‍ ഇടത് ഭരണസമിതിക്കെതിരെയുള്ള അഴിമതി ആരോപണങ്ങളുമായി യുഡിഎഫ് നേതൃത്വം രംഗത്ത്

കൊച്ചി:പണക്കിഴി വിവാദത്തില്‍ പ്രതിരോധത്തിലായ തൃക്കാക്കര നഗരസഭയിലെ യുഡിഎഫ് നേതൃത്വം മുന്‍ ഇടത് ഭരണസമിതിക്കെതിരെയുള്ള അഴിമതി ആരോപണങ്ങളുമായി രംഗത്ത്. കഴിഞ്ഞ ഭരണകാലത്ത് മൂന്ന് പദ്ധതികളിലായി കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി വിജിലൻസിന് കത്ത് നല്‍കി. കഴിഞ്ഞ മാര്‍ച്ചില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം ഇക്കാര്യം ആവശ്യപ്പെട്ടിട്ടും വിജിലന്‍സ് മൂടിവെച്ചെന്നും യുഡിഎഫ് ആരോപിക്കുന്നു.

പണക്കിഴി വിവാദത്തില്‍ ആടിയുലയുകയാണ് തൃക്കാക്കരയിലെ യുഡിഎഫ് ഭരണസമിതി. മിന്നല്‍ പരിശോധന നടത്തിയ വിജിലന്‍സ് വിശദമായ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ്. അധ്യക്ഷയുടെ ചേബംറില്‍ നിന്ന് കവറുമായി കൗണ്‍സില്‍ അംഗങ്ങള്‍ പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യങ്ങളും വിജിലന്‍സ് ശേഖരിച്ച് കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് അഴിമതി ആരോപണം ഉന്നയിച്ച് ഇടതു മുന്നണിയെ ലക്ഷ്യം വെക്കാനുള്ള യുഡിഎഫ് തീരുമാനം.

മുൻ ഭരണ സമിതിയുടെ കാലത്ത് മൂന്ന് മരാമത്ത് ജോലികളില്‍ പത്ത് കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് യുഡിഎഫ് ആരോപണം. നഗരസഭാ കെട്ടിടത്തിന്റെ നവീകരണം, എൽഇഡി വിളക്കുകൾ സ്ഥാപിക്കല്‍, പാപ്പാളി റോഡ് ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്യൽ, എന്നിവയിലാണിത്. കഴിഞ്ഞ ഫെബ്രുവരി ആറിന് ചേര്‍ന്ന് നഗരസഭാ കൗണ്‍സില്‍ ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് പ്രമേയം പാസാക്കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് മുനിസിപ്പല്‍ സെക്രട്ടറി വിജിലന്‍സിന് കഴിഞ്ഞ ദിവസം കത്ത് നല്‍കിയത്. പണക്കിഴി വിവാദത്തില്‍ നഗരസഭക്ക് പുറത്തേക്ക് സമരം വ്യാപിക്കാന്‍ ഇടതു മുന്നണി തീരുമാനിച്ചതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് യുഡിഎഫിന്‍റെ ബദല്‍ നീക്കം.

തൃക്കാക്കര നഗരസഭയിൽ ചെയർപേഴ്സൺ രാജിവെക്കുംവരെ സമരവുമായി മുന്നോട്ടു പോകാനാണ് ഇടതു മുന്നണി തീരുമാനം. ഓഫീസ് ക്യാബിന്റെ പൂട്ട് പൊളിച്ച് അധ്യക്ഷ അകത്തു കടന്നത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ പൊലീസിൽ പരാതി നൽകിയെന്നും പ്രതിപക്ഷത്തെ നേതാക്കൾ പറഞ്ഞു.

സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ഇടതുമുന്നണി നിലപാട്. കൗൺസിലർമാർക്ക് പണക്കിഴി നൽകിയെന്ന ആരോപണത്തിൽ ചെയർപേഴ്സൺ രാജിവെക്കണമെന്നും അത് വരെ സമരം തുടരുമെന്നും സിപിഎം തീരുമാനിച്ചു. കാക്കനാട് സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.

പ്രതിപക്ഷത്തിന്റെ ഓഫിസ് ഉപരോധത്തിന് പിന്നാലെ നഗരസഭയിലെത്തിയ അധ്യക്ഷയ്ക്ക് പൂട്ട് തകരാറിലായതിനാൽ ഓഫിസിൽ കടക്കാനായിരുന്നില്ല. രാത്രി ഏഴുമണിയോടെ പൂട്ട് തകർത്തു അധ്യക്ഷ അജിത തങ്കപ്പൻ അകത്തു കയറുകയായിരുന്നു. അറ്റകുറ്റപ്പണിക്കിടെ പൊട്ടിയ ഗ്ലാസും മാറ്റിയിട്ടു.

ഇതോടൊപ്പം നഗരസഭാ സെക്രട്ടറി പതിച്ച നോട്ടീസും നീക്കി. ഇത് നിയമവിരുദ്ധമെന്ന് കാട്ടിയാണ് ഇടതുപക്ഷം പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പൊലീസിനെയും തദ്ദേശ ഭരണ ഡയറക്ടറെയും അറിയിച്ച ശേഷം നഗരസഭാ സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് പൂട്ട് പൊളിച്ച് അകത്ത് കയറിയതെന്നാണ് നഗരസഭാധ്യക്ഷയുടെ നിലപാട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button