FeaturedKeralaNews

പാവപ്പെട്ടവര്‍ക്ക് മാസം 6000 രൂപ, ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയാക്കും; വന്‍ വാഗ്ദാനങ്ങളുമായി യു.ഡി.എഫ് പ്രകടന പത്രിക

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. ന്യായ് പദ്ധതിയും ആചാര സംരക്ഷണത്തിന് നിയമനിര്‍മാണവും ഉള്‍പ്പെടെ ഭരണം പിടിക്കാന്‍ ലക്ഷ്യമിട്ടുള്ള ജനക്ഷേമ വാഗ്ദാനങ്ങളാണ് പട്ടികയിലുള്ളത്. ജനങ്ങളുടെ മാനിഫെസ്റ്റോ എന്നാണ് യുഡിഎഫ് പ്രകടന പത്രികയ്ക്ക് പേരിട്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ന്യായ് പദ്ധതിയുടെ ഭാഗമായി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസന്തോറും 6000 രൂപ നല്‍കും, ഇത്തരത്തില്‍ ആകെ ഒരു വര്‍ഷം 72000 രൂപയാകും നല്‍കുക. ക്ഷേമപെന്‍ഷന്‍ 3000 രുപയാക്കി ഉയര്‍ത്തും. ക്ഷേമ പെന്‍ഷന്‍ കമ്മീഷന്‍ രൂപീകരിക്കും തുടങ്ങിയ വാഗ്ദ്ധാനങ്ങളും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ശശി തരൂര്‍ എംപിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങളുമായി നേരിട്ട് സംവദിച്ച് ആശയങ്ങള്‍ സ്വരൂപിച്ചാണ് പ്രകടന പത്രിക രൂപകല്‍പന ചെയ്തിരിക്കുന്നത്. ക്ഷേമ പെന്‍ഷന്‍, തൊഴിലവസരം തുടങ്ങി ജനക്ഷേമ പദ്ധതികളില്‍ ഇടതുപക്ഷത്തെ മറികടക്കുന്ന പ്രഖ്യാപനങ്ങളാണ് ഉള്ളത്.

യുഡിഎഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍

ന്യായ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത 40നും 60നും മധ്യേയുള്ള വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ

ഓട്ടോറിക്ഷ, ടാക്സി, മത്സ്യബന്ധന ബോട്ടുകള്‍ എന്നിവയ്ക്ക് സംസ്ഥാന നികുതിയില്‍ നിന്നും ഇന്ധന സബ്സിഡി.

എല്ലാ ഉപഭോക്താക്കള്‍ക്കും 100 യൂണിറ്റ് സൗജന്യ വൈദ്യുതി.

കേരളത്തിലെങ്ങും ബില്ല് രഹിത ആശുപത്രികള്‍.

കൂടുതല്‍ വിഭവങ്ങളുമായി കൂടുതല്‍ പേര്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റ്

റബറിന് 250 രൂപയും നെല്ലിന് 30 രൂപയും താങ്ങുവില

അഞ്ചുലക്ഷം പേര്‍ക്ക് വീട്

കാരുണ്യചികിത്സാ പദ്ധതി പുനഃരാരംഭിക്കും

ശബരിമല ആചാര സംരക്ഷത്തിനായി പ്രത്യേക നിയമം

എല്ലാ വെള്ളകാര്‍ഡുകള്‍ക്കും അഞ്ചു കിലോ അരി സൗജന്യം

വനാവകാശ നിയമം പൂര്‍ണമായി നടപ്പിലാക്കും

പട്ടികജാതി/വര്‍ഗ മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്ക് ഭവനനിര്‍മാണ തുക നാലു ലക്ഷത്തില്‍ നിന്ന് ആറു ലക്ഷം രൂപയാക്കും

ഭിന്നശേഷിക്കാര്‍ക്ക് വാഹനങ്ങള്‍ വാങ്ങാന്‍ പ്രത്യേക ധനസഹായവും വായ്പയും

സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നിനായി ഒരു വകുപ്പ് രൂപീകരിക്കും

കൊവിഡ് ദുരന്തനിവാരണ കമ്മീഷന്‍ രൂപികരിക്കും

സംസ്ഥാന വിജിലന്‍സ് കമ്മീഷന്‍ രൂപീകരിക്കും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button