ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാവും, സത്യപ്രതിജ്ഞ ഡിസംബർ 1 ന്

മുംബൈ : കോണ്‍ഗ്രസ്-ശിവസേന- എന്‍സിപി സഖ്യത്തിന്റെ നിയമസഭാ കക്ഷി നേതാവായി ഉദ്ധവ് താക്കറെയെ തെരഞ്ഞെടുത്തു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന മൂന്നുപാര്‍ട്ടികളുടെ സംയുക്ത നിയമസഭാ കക്ഷിയോഗത്തിലാണ് ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്.

എന്‍.സി.പി-കോണ്‍ഗ്രസ്-ശിവസേനാ സഖ്യം- മഹാ വികാസ് അഘാഡിയുടെ നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായുമായി ഉദ്ധവ് താക്കറേയെ നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള പ്രമേയം ത്രികക്ഷി എം.എല്‍.എമാര്‍ ഏകകണ്‌ഠേന പാസാക്കി.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചതിന് പിന്നാലെയാണ് ത്രികക്ഷി സഖ്യത്തിന്റെ സംയുക്ത യോഗം ചേര്‍ന്നത്.

സഖ്യ നേതാക്കൾ ചൊവ്വാഴ്ച രാത്രി ഗവർണർ ഭഗത് സിങ് കോഷിയാരിയെ കണ്ടു.. ഡിസംബർ 1 നു മുംബൈ ശിവാജി പാർക്കിൽ നടക്കുന്ന ചടങ്ങിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നു എൻസിപി അധ്യക്ഷൻ ശരദ് പവാർ അറിയിച്ചു.

288 അംഗ നിയമസഭയില്‍ 145 അംഗങ്ങളുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. 162 എം.എല്‍.എമാരുടെ പിന്തുണ തങ്ങള്‍ത്തുണ്ടെന്നാണ് എന്‍.സി.പി-ശിവസേന-കോണ്‍ഗ്രസ് സഖ്യം അവകാശപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News