ബിന്ദു അമ്മിണിയ്ക്കെതിരെ പ്രയോഗിച്ച കുരുമുളക് സ്പ്രേ വരുത്തിയത് ഓൺലൈനിൽ, പ്രതി ശ്രീനാഥിനെതിരെ ജാമ്യമില്ലാ കുറ്റം, തൃപ്തിയെ തടഞ്ഞ മറ്റു നേതാക്കളും കുടുങ്ങും

കൊച്ചി സിറ്റി പൊലീസ്‌ കമീഷണര്‍ ഓഫീസിനുമുന്നില്‍ ഭൂമാത ബ്രിഗേഡ്‌ പ്രവര്‍ത്തക ബിന്ദു അമ്മിണിയുടെ മുഖത്ത്‌ അടിച്ച കുരുമുളക്‌ സ്‌പ്രേ വാങ്ങിയത്‌ ഓണ്‍ലൈനില്‍. ആക്രമണം നടത്തിയ കണ്ണൂര്‍, എരിവേശി, പുല്ലായിക്കുടി വീട്ടില്‍ ശ്രീനാഥ്‌ പത്മനാഭന്‍ (28) അന്താരാഷ്‌ട്ര ഹിന്ദു പരിഷത്തിന്റെ ഹിന്ദു ഹെല്‍പ്‌ലൈന്‍ എന്ന വിഭാഗത്തിന്റെ നേതാവാണ്‌. എംസിഎ കഴിഞ്ഞ ഇയാള്‍ വര്‍ഷങ്ങളായി കൊച്ചിയില്‍ ആസാദ്‌ റോഡിലാണ്‌ താമസം. ജോലിയൊന്നുമില്ലെന്നും പൊലീസ്‌ പറഞ്ഞു.

സംഘപരിവാറിൽ നിന്ന് പുറത്താക്കിയ പ്രതീഷ് വിശ്വനാഥ് രൂപീകരിച്ച പാർട്ടിയാണ് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് എന്നാണ് ആർഎസ്എസ് പ്രവർത്തകർ പറയുന്നത്. ബിന്ദു അമ്മിണിക്കു നേരെ കുരുമുളക് സ്പ്രേ ചെയ്തതിനു ഇവർ പരസ്യമായി രംഗത്തെത്തുകയും ചെയ്തു.കുരുമുളക്‌ സ്‌പ്രേ ഓണ്‍ലൈനിലാണ്‌ വാങ്ങിയത്‌ എന്നാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ കിട്ടാന്‍ ഒരു ദിവസത്തിലേറെ സമയം വേണ്ടിവരും.

നാട്ടില്‍ ലഭ്യമല്ലാത്ത ഇത്തരം സാധനങ്ങള്‍ അന്വേഷിച്ച്‌ സംഘടിപ്പിച്ചത്‌ പ്രതിയുടെ ക്രിമിനല്‍ പശ്‌ചാത്തലത്തിലേക്കും വിരല്‍ചൂണ്ടുന്നു. സ്‌ത്രീകളെ അപമാനിക്കല്‍, ആക്രമിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ്‌ അറസ്‌റ്റ്‌. സംഭവസ്ഥലത്തു നിന്നുതന്നെ പൊലീസ്‌ ഇയാളെ പിടികൂടി. കണ്ടാലറിയാവുന്ന മറ്റ്‌ അഞ്ചുപേരും കേസില്‍ പ്രതിയാണെന്ന്‌ സെന്‍ട്രല്‍ പൊലീസ്‌ അറിയിച്ചു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News