പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും; വിവാദ പോസ്റ്റിന് പിന്നാലെ യു പ്രതിഭ എം.എല്‍.എയുടെ അക്കൗണ്ട് അപ്രത്യക്ഷമായി

ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ ചതിപ്രയോഗം നടന്നെന്ന സൂചന നല്‍കുന്ന വിവാദ പോസ്റ്റിന് പിന്നാലെ യു പ്രതിഭ എംഎല്‍എയുടെ പേജും അപ്രത്യക്ഷമായി. പേജ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് കാട്ടി പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കുമെന്നായിരുന്നു ഇന്നലെ രാത്രി എംഎല്‍എ ഫേസ്ബുക്കിലിട്ട വിവാദ പോസ്റ്റ്. ആരെ ഉദ്ദേശിച്ചാണ് പോസ്റ്റെന്ന് വിശദീകരിക്കണമെന്ന് കമന്റുകള്‍ നിറഞ്ഞു.

ജി. സുധാകരനെ ഉന്നമിട്ടാണ് പോസ്റ്റന്ന് കമന്റുകളില്‍ തന്നെ വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടി അണികളും രൂക്ഷ വിമര്‍ശനമുയര്‍ത്തി. പിന്നാലെ എംഎല്‍എ പോസ്റ്റ് മുക്കി. പേജ് ഹാക്ക് ചെയ്യപ്പെട്ടതെന്ന് വിശദീകരണക്കുറിപ്പ് ഇട്ടു. തുടര്‍ന്ന് അക്കൗണ്ട് തന്നെ ഡീആക്ടിവേറ്റ് ചെയ്തു. പേജ് ഹാക്ക് ചെയ്യപ്പെട്ടുവെന്നും വിഷയത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു പോലീസില്‍ പരാതി നല്‍കിയതായും എംഎല്‍എയുടെ ഓഫീസ് വ്യക്തമാക്കി.

വിവാദങ്ങളോടുള്ള പ്രതികരണത്തില്‍ യു. പ്രതിഭയെ പരോക്ഷമായി തള്ളുന്ന നിലപാടാണ് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ സ്വീകരിച്ചത്. സമൂഹമാധ്യമങ്ങളില്‍ അനാവശ്യ പോസ്റ്റ് ഇടരുതെന്ന് പാര്‍ട്ടി നിര്‍ദേശമുണ്ട്. പ്രതിഭയുടെ പോസ്റ്റ് ഏതു സാഹചര്യത്തില്‍ ആണെന്ന് അറിയില്ല. വിശദീകരിക്കേണ്ടത് എംഎല്‍എ തന്നെയെന്നും നാസര്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ എംഎല്‍എയുടെ വിവാദ പോസ്റ്റിനെ കരുതലോടെയാണ് സിപിഐഎം ജില്ലാ നേതൃത്വം വീക്ഷിക്കുന്നത്. ജി സുധാകരനെതിരായ പരാതിക്കൊപ്പം പുതിയ വിവാദവും ജില്ലയിലെ പാര്‍ട്ടിക്ക് തലവേദനയായിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News