30 C
Kottayam
Friday, April 26, 2024

സംസ്ഥാനത്ത് വാരാന്ത്യങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; അവശ്യസര്‍വ്വീസുകള്‍ മാത്രം

Must read

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വാരാന്ത്യങ്ങളില്‍ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വരുന്ന 24, 25 ദിവസങ്ങളില്‍ അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വാരാന്ത്യത്തില്‍ തിരക്ക് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില ഒരുസമയം 50 ശതമാനമാക്കാനും യോഗത്തില്‍ തീരുമാനമായി. സ്വകാര്യ സ്ഥാപനങ്ങളും വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്ന സംവിധാനം പ്രോത്സാഹിപ്പിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമാകും ഉണ്ടാകുക.

സംസ്ഥാനത്ത് രോഗവ്യാപനം കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പരിശോധന ഉണ്ടാകും. രോഗവ്യാപനം കൂടുതല്‍ ഉള്ള മേഖലകളെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി തിരിച്ച് കര്‍ശന പരിശോധനയും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ഒരു തരത്തിലുള്ള ശിക്ഷാ ഇളവും ഉണ്ടാകില്ല.

സംസ്ഥാനത്ത് രോഗികളുടെ എണ്ണം പ്രതിദിനം നാല്‍പതിനായിരം കടക്കുമെന്നാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോര്‍ കമ്മറ്റിയുടെ വിലയിരുത്തല്‍. കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ അതീവ ജാഗ്രത വേണമെന്നും കോര്‍ കമ്മറ്റി വിലയിരുത്തി. കോര്‍ കമ്മറ്റി ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി അറിയിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week