KeralaNews

‘ടു റുപ്പീസ് ഈസ് ബിഗര്‍ ദാന്‍ 20 റുപ്പീസ്’; ഇതാണ് പ്രതിപക്ഷത്തിന്റെ തിയറി; പരിഹസിച്ച് ധനമന്ത്രി

തിരുവനന്തപുരം: പാചക വാതക വില 50 രൂപ കൂട്ടിയതിനെ കുറിച്ച് യു ഡി എഫ് ഒന്നും പറയുന്നില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പാചകവാതക വില വര്‍ദ്ധനവിനെ കുറിച്ച് കോണ്‍ഗ്രസിന് എന്താണ് പറയാനുള്ളതെന്നും കെ എന്‍ ബാലഗോപാല്‍ ചോദിച്ചു. ടു റുപ്പീസ് ഈസ് ബിഗര്‍ ദാന്‍ 20 റുപ്പീസ് എന്നാണ് പ്രതിപക്ഷത്തിന്റ തിയറിയെന്നും ബാലഗോപാല്‍ പരിഹസിച്ചു. രണ്ട് വര്‍ഷം കൊണ്ട് 500 രൂപയോളമാണ് പാചകാവാതകത്തിന് വര്‍ദ്ധിപ്പിച്ചത്. ഇതില്‍ കോണ്‍ഗ്രസിന്റെ അഭിപ്രായം എന്താണെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാചകവാതക വില വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സി പി എം രംഗത്തെത്തിയ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 410 രൂപയായിരുന്ന സിലിണ്ടറിനാണ് ഇപ്പോള്‍ ഈ വിലയില്‍ എത്തിയിരിക്കുന്നതെന്ന് സി പി എം പത്രക്കുറിപ്പിലൂടെ അറിയിച്ചു.

അടുപ്പ് പുകയാത്ത നിലയിലേക്ക് രാജ്യത്തെ എത്തിക്കുന്ന ഈ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണ്. 8 വര്‍ഷത്തിനിടെ മോഡി സര്‍ക്കാര്‍ വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില 12 തവണയാണ് വര്‍ദ്ധിപ്പിച്ചത്. ഈ വിലക്കയറ്റം കുടുംബ ബഡ്ജറ്റിനെ തന്നെ ബാധിക്കുന്നതാണെന്നും സി പി എം വ്യക്തമാക്കി. കേന്ദ്രത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം ഉയരണമെന്നും സി പി എം അറിയിച്ചു.

വീട്ടാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 49 രൂപ വില വര്‍ദ്ധിച്ചതോടെ ഒരു സിലിണ്ടറിന്റെ വില 1100 രൂപയായിരിക്കുകയാണ്. വാണിജ്യ സിലിണ്ടറിന് 351 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ പുതിയ വില 2124 രൂപയാകും. വാണിജ്യ സിലിണ്ടറിന്റെ വില വര്‍ദ്ധന ചെറുകിട വ്യാപാരികളെയാണ് നേരിട്ട് ഏറ്റവും ദോഷകരമായി ബാധിക്കുക. ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍, കുടുംബശ്രീ ഹോട്ടലുകള്‍ എന്നിവയെ ഇത് കാര്യമായി ബാധിക്കും. ഭക്ഷണ സാധനങ്ങളുടെ വിലകയറ്റത്തിലേക്കാണ് ഇത് നയിക്കുക. ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിച്ച് ജീവിക്കുന്നവരുടെ ജീവിത ചിലവ് വന്‍തോതില്‍ ഉയരുന്നതിനും ഇത് ഇടയാക്കും.

പെട്രോളിന് വില വര്‍ദ്ധിപ്പിച്ച് നേടിയ തുക കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ഇളവിനും കടം എഴുതി തള്ളുന്നതിനും ഉപയോഗിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ തുടര്‍ച്ചയായി പണം ഇല്ലെന്ന് പറഞ്ഞ് എല്ലാ സബ്ബ്സിഡികളും ഇല്ലാതാക്കുന്നതിനും തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പടെ തകര്‍ക്കുകയും ചെയ്യുന്ന നടപടിയിലൂടെ ജനങ്ങളെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനുപുറമെയാണ് കൂനിന്‍മേല്‍ കുരു എന്നപോലെ പാചക വാതകത്തിന്റെയും വില വര്‍ദ്ധിപ്പിച്ചത്.

കേന്ദ്ര അവഗണനയെ തുടര്‍ന്ന് ഏറെ ദുഷ്‌ക്കരമായ സാഹചര്യത്തില്‍ കേരളം രണ്ട് രൂപ സെസ് ഏര്‍പ്പെടുത്തിയപ്പോള്‍ തെരുവിലിറങ്ങിയ യുഡിഎഫ് നേതാക്കളുടെ ഇക്കാര്യത്തിലുള്ള നിലപാട് എന്താണെന്ന് വ്യക്തമാക്കണം. പാചക വാതക വില ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ വരും ദിവസങ്ങളില്‍ ലോക്കല്‍ അടിസ്ഥാനത്തില്‍ വമ്പിച്ച ജനകീയ പ്രതിഷേധം ഉയര്‍ത്തണമെന്നും സി പി എം പ്രസ്താവനയിലൂടെ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button