സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി,രണ്ടുപേര്‍ക്കും രോഗം സ്ഥിരീകരിച്ചത് മരണശേഷം നടത്തിയ പരിശോധനയില്‍

ആലപ്പുഴ: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി. ആലപ്പുഴ സ്വദേശി ത്രേസ്യാമ്മയ്ക്കാണ് മരണ ശേഷം കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 62 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം. മരണശേഷം നടത്തിയ കൊവിഡ് പരിശോധനയില്‍ ത്രേസ്യാമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ആലപ്പുഴ മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ 14-ാം വാര്‍ഡിലായിരുന്നു ഇവരുടെ താമസം.

സംസ്ഥാനത്ത് ഇന്ന് മരണശേഷം കൊവിഡ് സ്ഥിരീകരിച്ചത് 2 പേര്‍ക്കാണ്. കാസര്‍കോടായിരുന്നു ആദ്യത്തെ മരണം. ഞായറാഴ്ച മരിച്ച കാസര്‍കോട് താളിപ്പടപ്പ് സ്വദേശി കെ ശശിധരയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഇതോടെ, കാസര്‍കോട് കൊവിഡ് മരണം ആറായി. ഇയാള്‍ക്ക് ഒരാഴ്ചയായി പനിയും ശ്വാസം മുട്ടും അനുഭവപ്പെട്ടിരുന്നു. ഭാരത് ബീഡി കോണ്‍ട്രാക്ടറായ ശശിധരയുടെ സമ്പര്‍ക്ക പട്ടികയില്‍ നാനൂറോളം പേരുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News