മദ്യം വാങ്ങാന്‍ പണമില്ല; യുട്യൂബ് നോക്കി കള്ളനോട്ടടിച്ച രണ്ടു യുവാക്കള്‍ പിടിയില്‍

ചെന്നൈ: മദ്യപിക്കാനായി പണം കണ്ടെത്താന്‍ കള്ളനോട്ട് അച്ചടിച്ച യുവാക്കള്‍ പിടിയില്‍. തമിഴ്‌നാട് ഈറോഡിലാണ് സംഭവം. യുട്യൂബ് നോക്കി കളളനോട്ടടിച്ച രണ്ടു പേരാണ് അറസ്റ്റിലായത്.

ഓട്ടോഡ്രൈവര്‍മാരായ ഇരുവരും കൊവിഡിനെ തുടര്‍ന്ന് വരുമാനം നിലച്ചതോടെയാണ് സ്വന്തമായി നോട്ടുനിര്‍മാണം തുടങ്ങിയത്. ഇവരുടെ കയ്യില്‍ നിന്നു ഇരുപത്തിയൊന്നായിരം രൂപയുടെ വ്യാജനോട്ടുകള്‍ പിടികൂടി. മണിക്കപാളയം സ്വദേശികളായ എം. സതീഷും സദ്വന്ദറും മദ്യപിക്കാനായി ഒരു കടയിലെത്തിയതോടെയാണ് ഇവര്‍ പിടിയിലായത്.

കടയിലെ ജീവനക്കാരനോട് ഇവര്‍ 500 രൂപ നല്‍കിയശേഷം മദ്യം വാങ്ങിവരാന്‍ നിര്‍ദേശിച്ചു. നോട്ടുവാങ്ങിയ കടയിലെ ജീവനക്കാരനു സംശയം തോന്നി മണിക്കപാളയം പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തി ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരിന്നു.

യൂട്യൂബില്‍ ലഭ്യമായ നോട്ട് നിര്‍മ്മിക്കുന്നതിനുള്ള വിഡിയോകള്‍ കണ്ടായിരുന്നു നിര്‍മാണം. യഥാര്‍ഥ നോട്ടുകള്‍ സ്‌കാന്‍ ചെയ്‌തെടുത്തു തിളക്കമുള്ള എഫോര്‍ പേപ്പറുകളില്‍ കളര്‍ പ്രിന്റെടുക്കുന്നതായിരുന്നു സംഘത്തിന്റെ രീതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News