ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അനുകൂലിച്ചുകൊണ്ടുള്ള ഒരു ട്വിറ്റര്‍ പോസ്റ്റിന് രണ്ടു രൂപ പ്രതിഫലം ലഭിക്കുമെന്ന ഓഡിയോ ക്ലിപ്പ് ചോര്‍ന്നതിന് പിന്നാലെ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ ഓഡിയോ ക്ലിപ്പാണെന്ന് ചൂണ്ടിക്കാട്ടി ആഷിശ് പാണ്ഡെ, ഹിമാന്‍ഷു സായ്‌നി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാജരേഖ ചമക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ആദിത്യനാഥിനെ പുകഴ്ത്തി പോസ്റ്റു ചെയ്യുന്ന ഓരോ ട്വീറ്റിന്റെയും പ്രതിഫലത്തെക്കുറിച്ച് ടീമിലെ രണ്ട് അംഗങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഫോണ്‍ കോളാണ് ചോര്‍ന്നത്.
സെല്ലിലെ രണ്ട് അംഗങ്ങള്‍ തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ സൂര്യ പ്രതാപ് സിങ് ആണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ആദിത്യനാഥിനെ പുകഴ്ത്തുന്ന ട്വീറ്റൊന്നിന് രണ്ട് രൂപ വീതം പ്രതിഫലം ലഭിക്കുമെന്നാണ് ഫോണ്‍ വിളിച്ചയാള്‍ പറയുന്നത്.
നടനും ബി.ജെ.പി അംഗവുമായ ഗജേന്ദ്ര ചൗഹാന്‍ ആ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്യുമെന്നും അത് കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്നും ഓഡിയോ ക്ലിപ്പില്‍ പറയുന്നുണ്ട്.