33.4 C
Kottayam
Thursday, March 28, 2024

പിരിച്ച് വിടലിന് പിന്നാലെ വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ട്വിറ്റര്‍,വിജയത്തിലെത്താന്‍ തീവ്രമായ ജോലി ചെയ്യേണ്ട സമയമാണ് വരുന്നതെന്ന് ഇലോണ്‍ മസ്‌ക്‌

Must read

സാന്‍ഫ്രാന്‍സിസ്‌കോ:കൂട്ടപ്പിരിച്ച് വിടലിന് പിന്നാലെ വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ട്വിറ്റര്‍. ബുദ്ധിമുട്ടുകള്‍ നിറഞ്ഞ സമയം വരുകയാണെന്ന് വ്യക്തമാക്കിക്കൊണ്ട് ജീവനക്കാര്‍ക്ക് അയച്ച ആദ്യ ഇമെയിലിലാണ് വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച വിവരം ഇലോണ്‍ മസ്ക് വിശദമാക്കിയത്. ഇന്നലെ രാത്രി അയച്ച ഇമെയിലില്‍ കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ തുറന്നുകാണിക്കുന്ന ഒന്നാണ്. പരസ്യ വരുമാനത്തിലുള്ള കുറവ് ട്വിറ്ററിനെ സാരമായി ബാധിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ഇമെയില്‍.

വര്ക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചുവെന്നും ജീവനക്കാര്‍ ആഴ്ചയില്‍ ഏറ്റവും കുറഞ്ഞത് 40 മണിക്കൂറെങ്കിലും ഓഫീസിലെത്തണമെന്നാണ് മസ്കിന്‍റെ നിര്‍ദ്ദേശം. 40 മണിക്കൂറെന്നതിന് വേറെയും ചില നിബന്ധനകള്‍ മുന്നോട്ട് വച്ചിട്ടുണ്ട് മസ്ക്. വിജയത്തിലെത്താന്‍ തീവ്രമായ ജോലി ചെയ്യേണ്ട സമയമാണ് വരുന്നത്. മെയിലില്‍ വിശദമാക്കിയ പോളിസി മാറ്റങ്ങള്‍ എത്രയും വേഗത്തില്‍ പ്രാവര്‍ത്തികമാണെന്നും മസ്ക് വ്യക്തമാക്കി. കമ്പനിയുടെ പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ട ശേഷമുള്ള മെയിലിലാണ് വീണ്ടും മസ്ക് മുന്നറിയിപ്പ് നല്‍കുന്നത്.

7500 ജീവനക്കാരെയാണ് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മസ്ക് പിരിച്ചുവിട്ടത്. വര്‍ക്ക് ഫ്രെം ഹോം രീതി താല്‍പര്യമുള്ള ജീവനക്കാര്‍ക്ക് സ്ഥിരമായി ഈ രീതി തുടരാനുള്ള സംവിധാനം നേരത്തെ ട്വിറ്റര്‍ സ്വീകരിച്ചിരുന്നു.  ട്വിറ്റര്‍ ജീവനക്കാരുടെ വിശ്രമ ദിവസങ്ങളും മസ്ക് വെട്ടിക്കുറച്ചിട്ടുണ്ട്. സബ്സ്ക്രിപ്ഷനിലൂടെ പാതിയോളം വരുമാനം കണ്ടെത്തണമെന്നാണ് മസ്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതും അവിടെ നടത്തുന്ന പരിഷ്കാരവും വലിയതോതില്‍ ടെസ്ല ഷെയറുകളെ ബാധിച്ചുവെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. ടെസ്ലയുടെ ഓഹരികള്‍ 52 ആഴ്ചയ്ക്കിടയില്‍ ഏറ്റവും മോശം അവസ്ഥയില്‍ എത്തിയതോടെ മസ്കിന്‍റെ ആസ്തികളുടെ ആകെ മൂല്യം 200 ബില്ല്യണ്‍ യുഎസ് ഡോളറിന് താഴെ എത്തിയിരിക്കുകയാണ്. ഫോര്‍ബ്സ് റിപ്പോര്‍ട്ട് പ്രകാരം മസ്കിന്‍റെ ആസ്തികളുടെ മൂല്യം ഇപ്പോള്‍ 195.6 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week