കണ്ണൂര്‍: എ.ഐ.സി.സി മാധ്യമ വക്താവ് ഷമ മുഹമ്മദിനും ഇരട്ട വോട്ടെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ ആരോപണം. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ 89-ാം ബൂത്തിലാണ് രണ്ട് വോട്ടും. 89ാം ബൂത്തിലെ 532ാം നമ്പര്‍ വോട്ടറായ ഷമ മുഹമ്മദ് വിലാസത്തോടൊപ്പം പിതാവ് മുഹമ്മദ് കുഞ്ഞിയുടെ പേരാണ് കൊടുത്തിരിക്കുന്നത്.
ഇതേ ബൂത്തിലെ 125-ാം നമ്പര്‍ വോട്ടറും ഷമ മുഹമ്മദാണ്. ഇവിടെ വിലാസത്തില്‍ മാതാവ് കെ. പി സോയ മുഹമ്മദിന്റെ പേരാണ് നല്‍കിയിരിക്കുന്നതെന്നും ജയരാജന്‍ ആരോപിച്ചു. ഇരട്ടവോട്ട് ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഷമയ്ക്കെതിരെ നടപടിയെടുക്കുമോയെന്നും ജയരാജന്‍ ചോദിച്ചു.
അതേസമയം തനിക്ക് എതിരായ സിപിഐഎമ്മിന്റെ ഇരട്ട വോട്ട് ആരോപണം തെറ്റെന്ന് എഐസിസി വക്താവ് ഷമാ മുഹമ്മദ് പറഞ്ഞു. തനിക്ക് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡില്ല. സിപിഐഎം തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും ഷമ. ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് കാണിക്കട്ടെ. ആരോപണം ഉന്നയിക്കുന്നത് പിണറായി വിജയന് എതിരെ സംസാരിക്കുന്നത് കൊണ്ടാണെന്നും ഷമ പറഞ്ഞു. ധര്‍മ്മടത്താണ് കൂടുതല്‍ കള്ളവോട്ടുകള്‍ ഉള്ളതെന്നും ഷമ മുഹമ്മദ്.
‘പ്രതിപക്ഷ രമേശ് ചെന്നിത്തല ഇവിടെ ഒരുപാട് കള്ളവോട്ടുണ്ടെന്ന് പറഞ്ഞത് ശരിയാണ്. എന്റെ മേലുള്ള ആരോപണം തെളിയിക്കാന്‍ പിണറായി വിജയനോടും എം വി ജയരാജനോടും ചോദിക്കുന്നു.’ തെളിവ് കാണിച്ചാല്‍ മറുപടി പറയാമെന്നും ഷമ വ്യക്തമാക്കി.