ആമിര്‍ ഖാന്‍ പാവപ്പെട്ടവര്‍ക്ക് നല്‍കിയ ആട്ടയില്‍ 15,000 രൂപ! പ്രചരിക്കുന്ന കഥയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്
ബോളിവുഡ് താരം ആമിര്‍ ഖാനുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ കഴിഞ്ഞ ദിവസം വ്യാപകമായി ഒരു കഥ പ്രചരിച്ചിരിന്നു. ലോക്ക് ഡൗണില്‍ വിഷമത അനുഭവിക്കുന്നവര്‍ക്കായി താരം നല്‍കിയ ഒരു കിലോ ആട്ടയില്‍ പതിനയ്യായിരം രൂപ കൂടി ഒളിപ്പിച്ച് വെച്ചിരിന്നു എന്നാണ് പ്രചാരണം. സിനിമയെ വെല്ലുന്ന ട്വിസ്റ്റ് എന്ന തലക്കെട്ടോടെയായിരുന്നു ഈ കഥ വ്യാപകമായി പ്രചരിച്ചത്. ഒട്ടനവധി പേര്‍ ഈ വാര്‍ത്ത ഷെയര്‍ ചെയ്യുകയും താരത്തെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ എഴുതുകയുമുണ്ടായി.
ഒരു സസ്‌പെന്‍സ് സിനിമയുടെ തിരക്കഥപോലെയായിരുന്നു ഈ വാര്‍ത്തയെഴുതിയിരുന്നതും. ലോക് ഡൗണ്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ക്കായി ആമിര്‍ ഖാന്‍ ഒരു കിലോ ആട്ട വീതം വിതരണം ചെയ്തു. ഒരു കിലോ മാത്രമായതുകൊണ്ട് കഷ്ടപ്പാടനുഭവിക്കുന്ന പാവപ്പെട്ടവര്‍ മാത്രമായിരുന്നു ആട്ടയുടെ ആവശ്യക്കാരായി വന്നത്. പിന്നീടാണ് ട്വിസ്റ്റ് സംഭവിക്കുന്നത്. വീട്ടില്‍ വന്നും ആട്ടയുടെ കവര്‍ തുറന്നു നോക്കിയവര്‍ ഞെട്ടിപ്പോയി, കവറിനുള്ളില്‍ 15,000 രൂപ! ഇങ്ങനെയായിരുന്നു കഥ പോയത്.
പക്ഷേ, ഈ കഥ വെറുമൊരു കെട്ടുകഥ മാത്രമായിരുന്നു. ആമിര്‍ ഇത്തരത്തില്‍ ആര്‍ക്കും ആട്ട വിതരണം നടത്തിയിട്ടില്ലെന്നാണ് പ്രമുഖ ഫാക്ടിംഗ് ചെക്ക് വെബ്‌സൈറ്റ് ആയ ബൂം ലൈവ് കണ്ടെത്തിയിരിക്കുന്നത്. സമാന്‍ എന്ന യുവാവ് ചെയ്ത ടിക് ടോക് വീഡിയോ ആണ് ‘ആട്ട’ക്കഥയുടെ ഉറവിടം. ഗോതമ്പ് പൊടിയില്‍ നിന്നു പണമെടുക്കുന്ന വീഡിയോ സഹിതമായിരുന്നു സമാന്റെ ടിക് ടോക് വീഡിയോ.
ആ വീഡിയോയില്‍ സമാന്‍ പറയുന്നതിങ്ങനെയാണ്; ഹിന്ദുക്കളും മുസ്ലിങ്ങളുമെല്ലാം കഴിയുന്ന ചേരിയില്‍ രാത്രിയില്‍ ഒരാള്‍ ട്രക്കില്‍ ആട്ടയുമായി എത്തി. ഒരു കിലോ ആട്ട വീതമാണ് നല്‍കുന്നതെന്ന് അറിയിച്ചു. ആരാണ് രാത്രിയില്‍ ഒരു കിലോ ആട്ടവാങ്ങാന്‍ പോയി നില്‍ക്കുന്നത്. അതുകൊണ്ട് അത്രയ്ക്ക് ദുരിതം അനുഭവിക്കുന്നവര്‍ മാത്രമാണ് ആട്ട വാങ്ങാന്‍ പോയത്. ആട്ട വാങ്ങിയവര്‍ വീട്ടിലെത്തി തുറന്നു നോക്കിയപ്പോള്‍ അതില്‍ ഒളിപ്പിച്ച നിലയില്‍ 15,000 രൂപ. അത്തരത്തില്‍ ഏറ്റവും അര്‍ഹതയുള്ളവര്‍ക്ക് ഉചിതമായ സഹായം കൃത്യമായി കിട്ടി. പ്രശസ്തിയാഗ്രഹിക്കാത്ത അദ്ദേഹത്തിന് നന്ദിയറിയിക്കുന്നു. ഈ വീഡിയോ ആണ് പിന്നീട് ആമിര്‍ ഖാന്റെ പേരില്‍ പ്രചരിച്ചതെന്നാണ് ബൂം ലൈവ് പറയുന്നത്.