25.4 C
Kottayam
Friday, May 17, 2024

എസ്‌‌എൻസി ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിച്ചേക്കും; ലിസ്റ്റ് ചെയ്തിരിക്കുന്നത് 110ാം നമ്പർ കേസായി

Must read

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. 110ാം നമ്പർ കേസായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അന്തിമവാദത്തിനായി കേസ് പട്ടികയിലുണ്ടായിരുന്നെങ്കിലും കഴിഞ്ഞദിവസം പരിഗണിക്കാതെ കോടതി മാറ്റിവയ്ക്കുകയായിരുന്നു.

പല തവണ സുപ്രീം കോടതിയില്‍ ലാവ്‌ലിന്‍ കേസ് ലിസ്റ്റ് ചെയ്തെങ്കിലും ഓരോ തവണയും കേസ് മാറ്റിവയ്ക്കുകയായിരുന്നു. വിവിധ ഘട്ടങ്ങളില്‍ സിബിഐ തന്നെ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലും കേസ് മാറ്റിവച്ചിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരി ആറിനാണ് ലാവ്‌ലിന്‍ കേസ് ഒടുവില്‍ പരിഗണിച്ചത്.

1996ലെ നായനാര്‍ സര്‍ക്കാരില്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍, ഊര്‍ജവകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ജോയന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നല്‍കിയ അപ്പീലാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. 2017ലാണ് ഹൈക്കോടതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയത്.

വിചാരണ നേരിടണമെന്ന് കോടതി വിധിച്ച വൈദ്യുതി ബോര്‍ഡ് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരന്‍ നായര്‍, ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവരുടെ ഇളവ് തേടിയുള്ള ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week