രാജ്യത്ത് ലോക് ഡൗണ്‍ തുടരുമെന്ന് പ്രധാനമന്ത്രി; രോഗവ്യാപനം കുറഞ്ഞ ഇടങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് തീവ്രബാധിത മേഖലകളില്‍ ലോക്ക്ഡൗണ്‍ തുടരേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രോഗവ്യാപനം കുറഞ്ഞ ഇടങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും. വ്യത്യസ്ഥ മേഖലകളില്‍ വ്യത്യസ്ഥ നിലാപാട് സ്വീകരിക്കുമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞു.
ലോക്ക്ഡൗണ്‍ രാജ്യത്തെ കേസുകള്‍ പിടിച്ചുനിറുത്തിയെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിക്കു പുറമേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആരോഗ്യമന്ത്രി ഹര്‍ഷ് വധനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. പരമാവധി ഇളവുകള്‍ ഇതിനകം കേന്ദ്രം നല്‍കിയെന്നും അമിത് ഷാ അറിയിച്ചു. ബിഹാര്‍, ഒഡീഷ, ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, മേഘാലയ, മിസോറാം, പുതുച്ചേരി മുഖ്യമന്ത്രിമാരുമായാണ് മോദി ഇന്ന് സംസാരിക്കുന്നത്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് യോഗത്തില്‍നിന്നു വിട്ടുനിന്നു. ഇന്ന് കേന്ദ്രം കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് വടക്കുകിഴക്കന്‍ ഭാഗത്താണെന്നും എല്ലാ സംസ്ഥാനങ്ങളും പങ്കെടുക്കണമെന്നു നിര്‍ബന്ധമല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ലോക്ക്ഡൗണിന്റെ നിരവധി വശങ്ങളെക്കുറിച്ചും നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനെ കുറിച്ചും അമിത് ഷാ പിണറായി വിജയനുമായി ചര്‍ച്ച നടത്തിയിരുന്നു. ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിച്ചാല്‍ മതിയെന്നും കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നു.