കൊച്ചി:കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ഇവിടെനിന്ന് കർണാടകത്തിലേക്കും ഉത്തരാഖണ്ഡിലേക്കും മണിപ്പുരിലേക്കും മഹാരാഷ്ട്രയിലേക്കുമെത്തുന്നവർക്ക് അതത് സംസ്ഥാനങ്ങൾ നിയന്ത്രണം ഏർപ്പെടുത്തി. കോവിഡ് പരിശോധനാഫലം നെഗറ്റീവുള്ളവർമാത്രം വന്നാൽമതി എന്നതാണ് അറിയിപ്പ്.
ആർ.ടി.പി.സി.ആർ. പരിശോധനാഫലം നെഗറ്റീവായവരെ മാത്രമേ മംഗളൂരുവിലേക്ക് കടത്തിവിടൂ എന്ന് ദക്ഷിണ കന്നഡ അധികൃതർ അറിയിച്ചു. കേരളത്തിൽനിന്ന് കർണാടകത്തിലേക്കുള്ള എല്ലാ അതിർത്തിയും അടയ്ക്കുമ്പോഴും കാസർകോട്-കർണാടക അതിർത്തിയായ തലപ്പാടിയിൽ വ്യാഴാഴ്ച മുതലേ ഇത് കർശനമാക്കുന്നുള്ളൂ.
ഒരിക്കൽമാത്രം യാത്രചെയ്യുന്നവർ 72 മണിക്കൂറിനകം പരിശോധന നടത്തിയ റിപ്പോർട്ടാണ് ഹാജരാക്കേണ്ടത്. നിത്യേന യാത്രചെയ്യുന്നവർ 15 ദിവസത്തിലൊരിക്കൽ പരിശോധന നടത്തിയ റിപ്പോർട്ടും മംഗളൂരുവിലെ എവിടേക്കാണ് പോകുന്നതെന്നു തെളിയിക്കുന്ന രേഖയും കൈയിൽ കരുതണം. ആംബുലൻസിൽ രോഗികളുമായി വരുന്നവർ ആശുപത്രിയിലെത്തിയാൽ ഉടൻ രോഗിയെയും കൂടെ വന്നവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണം.
മഹാരാഷ്ട്ര, ഒഡിഷ, വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾ, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ പലതരത്തിലുള്ള നിയന്ത്രണങ്ങളുണ്ട്.കേരളം, ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് മഹാരാഷ്ട്രയിൽ പോകണമെങ്കിൽ ആർ.ടി.പി.സി.ആർ. നെഗറ്റീവ് റിപ്പോർട്ട് വേണം. മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് കോവിഡ് നെഗറ്റീവ് റിപ്പോർട്ടുണ്ടെങ്കിലേ കർണാടകത്തിലും മണിപ്പുരിലും പ്രവേശിക്കാനാവൂ. ഒഡിഷയിൽ പുറത്തുനിന്നെത്തുന്ന 55 വയസ്സിന് മുകളിലുള്ള എല്ലാവരും എത്തിയാലുടൻ കോവിഡ് പരിശോധന നടത്തണമെന്നാണ് നിർദേശം.
തിങ്കളാഴ്ചമുതൽ കർണാടകം നിയന്ത്രണമേർപ്പെടുത്തിയിരുന്നു. തലപ്പാടി, നെട്ടണിഗെ, മുഡ്നൂരു, മോണാല, സാറഡ്ക്ക, ജാൽസൂർ എന്നീ റോഡുകളിലൂടെ മാത്രമാണ് നിലവിൽ കാസർകോട് ജില്ലയിൽനിന്ന് ദക്ഷിണ കന്നഡയിലേക്ക് പ്രവേശനം. തിങ്കളാഴ്ച ഈറോഡുകളിൽ ചെക്പോസ്റ്റ് സ്ഥാപിച്ച് പരിശോധന ആരംഭിക്കുകയും മറ്റുറോഡുകൾ അടയ്ക്കുകയുംചെയ്തു.
സംസ്ഥാനത്ത് ഇന്നലെ 4034 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408, കോട്ടയം 389, തൃശൂര്‍ 386, കോഴിക്കോട് 357, മലപ്പുറം 355, ആലപ്പുഴ 275, തിരുവനന്തപുരം 255, കണ്ണൂര്‍ 206, പാലക്കാട് 147, കാസര്‍ഗോഡ് 140, വയനാട് 131, ഇടുക്കി 71 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 69,604 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.80 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,11,37,843 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4119 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3674 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 258 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 454, പത്തനംതിട്ട 392, കൊല്ലം 407, കോട്ടയം 353, തൃശൂര്‍ 376, കോഴിക്കോട് 345, മലപ്പുറം 333, ആലപ്പുഴ 270, തിരുവനന്തപുരം 190, കണ്ണൂര്‍ 153, പാലക്കാട് 82, കാസര്‍ഗോഡ് 128, വയനാട് 126, ഇടുക്കി 65 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ 5, തിരുവനന്തപുരം, കണ്ണൂര്‍ 4 വീതം, പത്തനംതിട്ട 3, വയനാട് 2, കോട്ടയം, എറണാകുളം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4823 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 367, കൊല്ലം 342, പത്തനംതിട്ട 581, ആലപ്പുഴ 381, കോട്ടയം 377, ഇടുക്കി 327, എറണാകുളം 746, തൃശൂര്‍ 351, പാലക്കാട് 124, മലപ്പുറം 272, കോഴിക്കോട് 521, വയനാട് 168, കണ്ണൂര്‍ 190, കാസര്‍ഗോഡ് 76 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 54,665 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,81,835 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,35,225 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,27,142 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8083 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 784 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.