കൊച്ചി: എറണാകുളത്ത് നിന്ന് കോട്ടയം ഭാഗത്തേയ്ക്കുള്ള ട്രാക്കിൽ വെള്ളം കയറിയതിനാൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരിക്കുന്ന അവസ്ഥയിൽ കൃത്യമായ വിവരം നൽകാതെ റെയിൽവേ ജീവനക്കാർ യാത്രക്കാരെ വട്ടം കറക്കി. എറണാകുളം ജംഗ്ഷനിൽ നിന്ന് ഉച്ചയ്ക്ക് 01.35 ന് പുറപ്പെടുന്ന 06769 എറണാകുളം കൊല്ലം മെമു റദ്ദാക്കിയതായാണ് ഇന്നേ ദിവസം സ്റ്റേഷനിൽ വിളിച്ചറിയിച്ചതും നോട്ടിസ് ബോർഡിൽ എഴുതി വെച്ചിരുന്നതും. ജംഗ്ഷനിലെ enquiry വിഭാഗത്തിൽ നിന്നും ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിൽ പലരും മറ്റു മാർഗങ്ങൾ സ്വീകരിക്കുകയായിരുന്നു.
എന്നാൽ മൂന്നുമണിയ്ക്ക് ശേഷം 06769 കൊല്ലം മെമു തൃപ്പൂണിത്തുറയിൽ നിന്ന് കൊല്ലത്തേയ്ക്ക് പുറപ്പെടുകയായിരുന്നു. രാവിലെ കൊല്ലത്ത് നിന്ന് പുറപ്പെട്ട് തൃപ്പൂണിത്തുറ യാത്ര അവസാനിപ്പിച്ച 06768 മെമുവിന്റെ റേക്കുകൾ ഉപയോഗിച്ച് കൊല്ലത്തേയ്ക്ക് യാത്ര തുടരുകയായിരുന്നു.
തൃപ്പൂണിത്തുറയിൽ നിന്നാണ് മെമു ആരംഭിക്കുന്നതെന്ന് അറിയിച്ചിരുന്നതെങ്കിൽ സാധ്യമായ ദൂരം മെട്രോയിൽ സഞ്ചരിച്ച് നിരവധി യാത്രക്കാർക്ക് പ്രയോജനപ്പെടുത്താമായിരുന്നു. ട്രെയിനുകൾ വഴി തിരിച്ചു വിടുകയോ, റദ്ദാക്കുകയോ, ഭാഗീകമായി റദ്ദാക്കുകയോ ചെയ്‌താൽ കൃത്യമായ വിവരം നൽകുവാനോ യാത്രക്കാരുടെ ചോദ്യങ്ങൾക്ക് മാന്യമായി ഉത്തരം നൽകാനോ റെയിൽവേയിലെ അന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്ന പരാതി വ്യാപകമാണ്. രണ്ടു ട്രെയിനുകൾ ഒരേ ദിശയിൽ സിഗ്നൽ കാത്തുകിടന്നാൽ ആദ്യം പുറപ്പെടുന്ന ട്രെയിൻ ഏതാണെന്ന് അന്നൗൺസ് ചെയ്യണമെന്ന് മനുഷ്യാവകാശ സംഘടനയുടെ ഉത്തരവ് ഉണ്ട്. എന്നാൽ പിടിച്ചിട്ടിരിക്കുന്ന ട്രെയിനുകളിൽ ഏതാണ് ആദ്യം പുറപ്പെടുന്നത് ചോദിച്ചാൽ തന്നെ ഉത്തരമില്ലാത്ത അവസ്ഥയാണ്. ഇവരുടെ യാത്രക്കാരോടുള്ള സമീപനവും പരിതാപകരമാണ്.
തൃപ്പൂണിത്തുറ അത്തച്ചമയം പ്രമാണിച്ച് കോട്ടയം വഴിയുള്ള വാഹന ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. ശബരി അലപ്പുഴ വഴി എന്ന് അനൗൺസ് ചെയ്തു കോട്ടയം വഴി സർവീസ് നടത്തുന്നു. മുട്ടോളം വെള്ളത്തിൽ നീന്തിക്കയറിയാണ് എറണാകുളം ജംഗ്ഷനിലെ അന്വേഷണം ഉദ്യോഗസ്ഥരുടെ സമീപം യാത്രക്കാർ എത്തുന്നത്. ഈ അവസരത്തിൽ കൃത്യമായ വിവരം നൽകാതെ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്നത് ഖേദകരമാണ്.