EntertainmentKeralaNews

‘3 മക്കളാണുള്ളതെന്ന് ഭാര്യ പറയും, ചെകിട് പൊളിച്ചൊക്കെ കിട്ടും, ഞാനുണ്ടാക്കിയതാണല്ലോയെന്ന് ഓർക്കും’; ടോവിനോ

കൊച്ചി:സിനിമാ പാരമ്പര്യമില്ലാതെ അതിയായ ആ​ഗ്രഹത്തിന്റെ പുറത്ത് സിനിമയിലെത്തിയ നടനാണ് ടൊവിനോ തോമസ്. ജൂനിയർ ആർട്ടിസ്റ്റ് ലേബലിൽ നിന്നാണ് മലയാളത്തിലെ താരമൂല്യമുള്ള തിരക്കുള്ള നടനായി ടൊവിനോ തോമസ് മാറിയത്. ടൊവിനോയുടെ ജീവിതം സിനിമ മോഹം ഉള്ളിൽ കൊണ്ട് നടക്കുന്ന ചെറുപ്പക്കാർക്ക് കൂടുതൽ കരുത്ത് പകരുന്നതാണ്.

സിനിമാ മോഹികളായ പലരും ടൊവിനോയെ റോൾ മോഡലായി പറയാറുമുണ്ട്. കൈയ്യിലുണ്ടായിരുന്ന ‌നല്ലൊരു ജോലി കളഞ്ഞിട്ടാണ് ടൊവിനോ സിനിമയ്ക്ക് പിന്നാലെ സഞ്ചരിച്ച് തുടങ്ങിയത്. ചാൻസ് തെണ്ടി നടന്നിരുന്ന കാലത്ത് ചേട്ടനായിരുന്നു എല്ലാ സപ്പോർട്ടും നൽകി ഒപ്പമുണ്ടായിരുന്നതെന്ന് ടൊവിനോ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

സിനിമയിൽ അറിയപ്പെട്ട് തുടങ്ങുന്നതിന് മുമ്പാണ് ടൊവിനോ വിവാഹിതനായത്. 2014ലാണ് താരം വിവാഹിതനായത്. വളരെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഭാര്യ ലിഡിയയെ ടൊവിനോ സ്വന്തമാക്കിയത്. പ്ലസ് ടു കാലത്താണ് ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങിയത്.

Tovino Thomas

ഒരുപാട് കാലം പിറകെ നടന്നിട്ടാണ് ലിഡിയ തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞതെന്ന് ടൊവിനോ തന്നെ നിരവധി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. 2012ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച ടൊവിനോയ്ക്ക് രണ്ട് മക്കളാണുള്ളത്. സിനിമാ പരിപാടികൾക്ക് വരുമ്പോഴും ഷൂട്ടിങ് ലൊക്കേഷനുകളിലുമെല്ലാം ടൊവിനോ കുടുംബത്തേയും ഒപ്പം കൂട്ടാറുണ്ട്.

ഇപ്പോഴിത ഭാര്യയേയും മക്കളേയും കുറിച്ച് ടൊവിനോ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. തന്നേയും കൂട്ടി മൂന്ന് മക്കളാണ് തനിക്കുള്ളതെന്ന് ഭാര്യ ലിഡിയ ഇടയ്ക്കിടെ പറയാറുണ്ടെന്നാണ് ടൊവിനോ അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ പറഞ്ഞത്.

‘എന്റെ ഭാര്യ പറയുന്നത് ഞാൻ ഉൾപ്പടെ അവൾക്ക് മൂന്ന് മക്കളാണെന്നാണ്. ഞാനും എന്റെ മക്കളും തമ്മിലുള്ള റിലേഷൻഷിപ്പ് അങ്ങനെയാണ്. അപ്പൻ എന്ന മെച്വൂരിറ്റി കാണിക്കേണ്ടപ്പോൾ കാണിക്കാറുമുണ്ട്. മോള് കരാട്ടെ പഠിക്കുന്നുണ്ട്. അവളുടെ പഞ്ചിങ് ബാ​ഗ് ഞാനാണ്. ലിഡിയ കുറച്ച് കൂടി സ്ട്രിക്ടാണ്. എന്റെ അത്രയും കെയർലെസ് ആകാനോ കുട്ടിക്കളി കളിക്കാനോ അവൾക്ക് പറ്റില്ലല്ലോ.’

‘ലിഡിയയെ കുറിച്ചുള്ള കംപ്ലെയ്ന്റൊക്കെ അപ്പോപ്പോൾ തന്നെ മക്കൾ വീഡിയോ കോൾ വിളിച്ച് പറയും. ഇസയ്ക്ക് പറഞ്ഞാൽ മനസിലാകുന്ന പ്രായമാണ്. തഹാന് മനസിലാവുന്ന പ്രായമല്ല. അതുകൊണ്ട് സഹിക്കുകയാണ് ഞാൻ. ഇടയ്ക്ക് നല്ല അടി കിട്ടും എനിക്ക്. കുഞ്ഞ് പിള്ളേർ കൈ തളർത്തി ഇട്ട് അടിക്കുമല്ലോ… ചെകിട് പൊളിച്ചൊക്കെ കിട്ടും എനിക്ക് ചില സമയത്ത്. അപ്പോൾ ഞാനുണ്ടാക്കിയതാണല്ലോയെന്ന് ഓർത്ത് സഹിക്കും.’

Tovino Thomas

‘ഇതൊക്കെ നമ്മളും ചെയ്തിട്ടുണ്ടാവും’ ടൊവിനോ പറഞ്ഞു. മകൾക്കൊപ്പം അഡ്വഞ്ചറസ് വീഡിയോ നിരന്തരം ചെയ്യാറുണ്ട് ടൊവിനോ. ഏറെ സാഹസികത നിറഞ്ഞ സിപ്‌ലൈൻ യാത്രയ്ക്ക് ടൊവിനോയ്ക്കൊപ്പം മകളും കൂടിയതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. യാതൊരു ഭയവുമില്ലാതെ അച്ഛനൊപ്പം സാഹസിക യാത്ര ആസ്വദിക്കുന്ന ഇസയെ വീഡിയോയിൽ കാണാമായിരുന്നു.

സൗത്ത് ആഫ്രിക്കയിൽ കുടുംബത്തിനൊപ്പം അവധി ആഘോഷിക്കാൻ പോയപ്പോഴാണ് ഇരുവരും സാഹസികത നിറഞ്ഞ സിപ്‌ലൈൻ യാത്ര നടത്തിയത്. 2023ലെ ടൊവിനോയുടെ ഏറ്റവും വലിയ ഹിറ്റ് പിറന്നിരിക്കുകയാണ്. ജൂഡ് ആന്റണി സംവി​ധാനം ചെയ്ത 2018 എന്ന സിനിമയാണത്.

2018ൽ കേരളം അഭിമുഖീകരിച്ച പ്രളയത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. സിനിമ തിയേറ്ററിൽ പോയികണ്ടവരെല്ലാം വളരെ തൃപ്തരായാണ് പുറത്തേക്ക് എത്തിയത്. ചിത്രത്തിലെ ടൊവിനോയുടെ പ്രകടനത്തിനാണ് ഏറ്റവും കൂടുതൽ കൈയ്യടി. ആസിഫ് അലി, ലാൽ, നരേൻ, അപർണ ബാല മുരളി തുടങ്ങിയ താരങ്ങളും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. വളരെ നാളുകളായി ഉറങ്ങി കിടക്കുകയായിരുന്ന തിയേറ്ററുകൾ 2018ന്റെ റിലീസോടെ ഹൗസ് ഫുള്ളാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button