ടോമിന്‍ തച്ചങ്കരിക്ക് ഡി.ജി.പി പദവി; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി ഐ.പി.എസിന് ഡി.ജി.പിയായി സ്ഥാനകയറ്റം. ശ്രദ്ധയമായ പരിഷ്‌ക്കാരങ്ങളിലൂടെ ശ്രദ്ധേയനായ ഐപിഎസ് ഉദ്യോഗസ്ഥനാണ് ടോമിന്‍ ജെ തച്ചങ്കരി. 1986 ബാച്ചുകാരനായ റോഡ് സേഫ്റ്റി കമ്മീഷണര്‍ ശങ്കര്‍ റെഡ്ഢി ഈ മാസം 31 ന് വിരമിച്ച ഒഴിവിലേക്കാണ് 1987 ബാച്ചുകാരനായ ടോമിന്‍ ജെ തച്ചങ്കരി ഐപിഎസിനെ ഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. നിയമനം പിന്നീട് നല്‍കും.

പോലീസിനു പുറത്തുള്ള പ്രധാനപ്പെട്ട ഒരു പദവി ലഭിക്കാനാണ് സാധ്യതയെന്നാണ് സൂചന. അടുത്ത വര്‍ഷം ജൂണില്‍ സംസ്ഥാന പോലീസ് മേധാവി പദവിയില്‍ നിന്നും ലോക്‌നാഥ് ബെഹ്റ ഐപിഎസ് വിരമിക്കും. ആ സമയത്തെ സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും ടോമിന്‍ ജെ തച്ചങ്കരി. അതിനാല്‍ അദ്ദേഹം സംസ്ഥാന പൊലീസ് മേധാവിയാകാനുള്ള സാധ്യതയും കൂടുതലാണ്. തച്ചങ്കരി കെഎസ്ആര്‍ടിസിയിലും ക്രൈം ബ്രാഞ്ചിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയകക്ഷി ഭേദമന്യേ അതീവ ജനശ്രദ്ധ നേടിയതായിരുന്നു.

കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളുടെ പോലീസ് മേധാവി ആയിരുന്നു ടോമിന്‍ ജെ തച്ചങ്കരി. കണ്ണൂര്‍ റേഞ്ച് ഐജി, പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് എഡിജിപി, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, ഫയര്‍ ഫോഴ്‌സ് മേധാവിയായും നിരവധി പൊതു മേഖലാ സ്ഥാപനങ്ങളുടെ തലവനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ടോമിന്‍ ജെ തച്ചങ്കരി ഐപിഎസിന് 3 വര്‍ഷത്തെ സേവനകാലാവധി ഇനിയും അവശേഷിക്കുന്നുണ്ട്. പരേതയായ അനിത തച്ചങ്കരി ആണ് ഭാര്യ. ഇലക്രോണിക്‌സ് രംഗത്തുള്ള മേഘയും കാവ്യയും ആണ് മക്കള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News