KeralaNews

കൊവിഡ് വാക്സിന് കേന്ദ്രം എത്ര വിലകൂട്ടിയാലും കേരളം അത് സൗജന്യമായി നല്‍കും; തോമസ് ഐസക്

തിരുവനന്തപുരം: കൊവിഡ് വാക്സിന് കേന്ദ്രം എത്ര വില കൂട്ടിയാലും കേരളം അത് സൗജന്യമായി നല്‍കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. കൊവിഡ് സാഹചര്യത്തില്‍ സംസ്ഥാനം വലിയ പ്രതിസന്ധിയിലാണ്. എന്നാലും, കേന്ദ്രം തന്നില്ലെങ്കില്‍ നാട്ടുകാര്‍ക്ക് വാക്സിന്‍ കിട്ടില്ല എന്ന അവസ്ഥ കേരളത്തില്‍ ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്.

കേരളം ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളും വലിയ പ്രതിസന്ധിയിലാണ്. ഈയൊരു സാഹചര്യത്തില്‍ ആയിരം കോടിയൊക്കെ എടുത്ത് ഒറ്റയടിക്ക് ചിലവു ചെയ്യുക എന്നത് കൂടുതല്‍ സാമ്പത്തിക പ്രയാസങ്ങളിലേക്ക് നയിക്കും. പക്ഷേ, ജനങ്ങളുടെ പ്രയാസം പരിഹരിക്കാനായി സര്‍ക്കാരിന്റെ ചില പ്രവര്‍ത്തനങ്ങള്‍ നീട്ടിവയ്ക്കുകയാണ്. കേന്ദ്രം തന്നില്ലെങ്കില്‍ നാട്ടുകാര്‍ക്ക് കിട്ടില്ല എന്ന അവസ്ഥയുണ്ടാവില്ല- മന്ത്രി പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായാണ് വാക്സിന് പണം ഇടാക്കുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. കേന്ദ്രത്തിന് 150 രൂപയ്ക്കും സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കും വാക്സിന്‍ എന്നുപറയുന്നതില്‍ എന്ത് ന്യായമാണ് ഉള്ളത്. ഒരു രാഷ്ട്രത്തില്‍ എല്ലാം ഒരേപോലെ വേണമെന്ന് പറയുന്നവര്‍ തന്നെ ഒരു രാഷ്ട്രവും മൂന്ന് വിലയുമാക്കി മാറ്റിയിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ മത്സരിച്ച് വാക്സിന്‍ വാങ്ങണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഇരട്ട വില സമ്പ്രദായത്തിനെതിരെയും സംസ്ഥാനങ്ങളുടെ മേല്‍ ഭാരം വരുന്നതിനെതിരെയും ശക്തമായ വിമര്‍ശനം ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു.

20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു എന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. അതുപയോഗിച്ച് സൗജന്യവാക്സിന്‍ നല്‍കാം.ലോക്ഡൗണിലൂടെ രാജ്യത്തിന് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിന് പകരം, അല്‍പ്പം നഷ്ടം സഹിച്ച് വാക്സിന്‍ സൗജന്യമായി നല്‍കുന്നതാണ് മികച്ച സാമ്പത്തിക ശാസ്ത്രമെന്നും തോമസ് ഐകസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button