സെല്‍ഫികള്‍ ഒരു അടയാളപ്പെടുത്തലാണ്, ഓര്‍മകളുടെ അടയാളപ്പെടുത്തല്‍. നമ്മുടെ ജീവിത്തത്തിന്റെ ഒരു ഭാഗമായി മാറി കഴിഞ്ഞിരിക്കുകയാണ് സെല്‍ഫികള്‍. എന്നാല്‍ സെല്‍ഫികള്‍ ഒരു ട്രെന്‍ഡായി മാറി തുടങ്ങിയതോടെ കൂടെ അപകടങ്ങളും നിരവധിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പല പൊതു ഇടങ്ങളിലും സെല്‍ഫി നിരോധിച്ച് കൊണ്ടുള്ള ഉത്തരവുകളും പുറത്തിറങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ ഗുജറാത്തിലെ ഡാങ് ജില്ലയും ഇത്തരത്തിലൊരു ഉത്തരവ് പുറത്തിറക്കിയിരിക്കുകയാണ്.
സപുതാര ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന ഡാങ് ജില്ലയിലാണ് സെല്‍ഫിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ 23 ന് പുറത്തിറക്കിയ പൊതു വിജ്ഞാപന പ്രകാരം അപകടങ്ങള്‍ തടയാന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സെല്‍ഫികള്‍ ക്ലിക്കുചെയ്യുന്നത് ജില്ലാ ഭരണകൂടം വിലക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ധാരാളം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളില്‍ ആണ് നിരോധനം കര്‍ശനമാക്കിയിരിക്കുന്നത്. അശ്രദ്ധമായ സെല്‍ഫി എടുപ്പ് കാരണം നിരവധി അപകടങ്ങളും മറ്റും ഉണ്ടായ സാഹചര്യത്തിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
നിരോധിക്കപ്പെട്ട സ്ഥലങ്ങളില്‍ സെല്‍ഫി എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസ് ഇതിനെ കുറ്റകൃത്യമായി തന്നെയാവും പരിഗണിക്കുക. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ടി കെ ദാമര്‍ ജൂണ്‍ 23 ന് പ്രസിദ്ധീകരിച്ച പരസ്യ വിജ്ഞാപനം അനുസരിച്ച് ഈ ഉത്തരവ് ലംഘിച്ച് ആരെങ്കിലും പിടിക്കപ്പെട്ടാല്‍, ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 188 (പൊതുസേവകന്‍ കൃത്യമായി പ്രഖ്യാപിച്ച ഉത്തരവിനോടുള്ള അനുസരണക്കേട്) പ്രകാരം കേസെടുക്കുമെന്ന് വിജ്ഞാപനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.
സെല്‍ഫിയെടുക്കുന്നത് മാത്രമല്ല മഴക്കാലത്ത് കുളിക്കാനോ വസ്ത്രങ്ങള്‍ കഴുകാനോ, ജോലി ചെയ്യാനോ പ്രദേശവാസികള്‍ ഏതെങ്കിലും നദിയിലേക്കോ ജലാശയങ്ങളിലേക്കോ പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
മഴക്കാലം ആരംഭിച്ചതോടെ ഡാങ്ങില്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇവിടെ എത്തിച്ചേരുന്നവര്‍ പലരും നിരുത്തരവാദപരമായി സെല്‍ഫികള്‍ എടുക്കുന്നതിലൂടെ അപകടത്തില്‍പ്പെടുന്നത് പതിവാണ്, മരണം വരെ കാരണമാകുന്നതാണ് ചില സെല്‍ഫി അപകടങ്ങള്‍. അത്തരം സംഭവങ്ങള്‍ തടയുക എന്നതാണ് ഈ ഉത്തരവിന്റെ പ്രധാന ലക്ഷ്യം.
സെല്‍ഫികള്‍ എടുക്കുന്നത് വിനോദസഞ്ചാരികളുടെ ഹോട്ട്സ്പോട്ടുകളില്‍ മാത്രമായി പരിമിതപ്പെടുന്നില്ലെന്നും പാറക്കൂട്ടങ്ങള്‍, റോഡുകള്‍, നദികള്‍, വെള്ളച്ചാട്ടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും ഇത് വ്യാപകമാണെന്നും അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് വിശദീകരിച്ചു. ആളുകളുടെ ഇത്തരം അപകടകരമായ പെരുമാറ്റം കണക്കിലെടുത്ത് ജില്ല മുഴുവന്‍ നിരോധന ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.