എന്തിന് ഈ വിദ്വേഷം; എന്നെ വിശ്വസിക്കുന്നെങ്കിൽ സിനിമ കാണണം: ലിജോ ജോസ് പെല്ലിശേരി
കൊച്ചി: ഇന്നലെ പ്രദർശനത്തിനെത്തിയ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനെതിരെ നടക്കുന്ന പ്രചരണം ആക്രമണമെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. കൊച്ചിയിൽ മാധ്യമപ്രവർത്തരെ കണ്ടാണ് ലിജോ ഇക്കാര്യം വ്യക്തമാക്കിയത്. വിദ്വേഷപ്രചരണം എന്തിനെന്ന് അറിയില്ല. ഷോ കണ്ട പ്രേക്ഷകർ പറയുന്നതാണ് സ്വീകരിക്കുന്നതെന്നും ലിജോ പറഞ്ഞു.
‘ഇന്നലെ രാവിലെ ഫസ്റ്റ് ഷോ കഴിഞ്ഞത് മുതൽ ഈ സിനിമയ്ക്കെതിരെ ആക്രമണം നടക്കുന്നു. എന്തിനാണ് ഈ വിദ്വേഷം നടത്തുന്നത്. എന്ത് ഗുണമാണ് ഇതിൽ നിന്ന് ലഭിക്കുന്നത്. ഏറ്റവും വലിയ പ്രൊഡക്ഷൻ വാല്യൂ ഉള്ള സിനിമയാണിത്. ഫാന്റസി കഥയിൽ വിശ്വസിച്ച് എടുത്ത സിനിമ. ഇത്ര വൈരാഗ്യം എന്തിനാണ്. തലയോട്ടി അടിച്ചു തകർത്ത ഹീറോ അല്ല നമുക്ക് വേണ്ടത്. ഇത് ആളുകളിലേക്ക് പ്രചരിക്കുന്നുണ്ട്.
കോവിഡ്, പ്രളയം പോലുള്ളവ കടന്ന് വന്ന ആളുകളാണ് നമ്മൾ. ആകെ വേണ്ടത് ഭക്ഷണവും വെള്ളവുമാണ്. എന്നിട്ടും ഇപ്പോഴും വൈരാഗ്യവും വിദ്വേഷവുമാണ്. മുഴുവൻ ടീമും അത്രയ്ക്ക് ബുദ്ധിമുട്ടി എടുത്ത സിനിമയാണ്. ലിജോ എന്ന സംവിധായകനെ വിശ്വസിക്കുന്നുണ്ടെങ്കിൽ എന്റെ വാക്കുകളും വിശ്വസിക്കണം. എല്ലാവരും ഈ സിനിമ തീയറ്ററിൽ തന്നെ പോയി കാണണം. പല കഥാപാത്രങ്ങൾക്കും പൂർണതയില്ലെന്ന് തോന്നുന്നത് അതിന് ബാക്കി ഭാഗം ഉള്ളതുകൊണ്ടാണ്’, ലിജോ പറയുന്നു.
മോഹൻലാലിന്റെ ഇൻട്രോ സീൻ കണ്ട് തീയറ്റർ കുലുങ്ങുമെന്ന് ടിനു പാപ്പച്ചൻ പറഞ്ഞതിനെക്കുറിച്ചും ലിജോ പ്രതികരിച്ചു. ‘ഓരോരുത്തർക്കും അവരവരുടെ അഭിപ്രായമുണ്ടാകും. ടിനു ഒരു നല്ല പ്രേക്ഷകൻ എന്ന നിലയിൽ ഉള്ളിൽതട്ടി പറഞ്ഞതാണ്. അത് അയാളുടെ വ്യക്തിപരമായ അഭിപ്രായമാണ്. അതിനെ അങ്ങനെയാണ് കാണേണ്ടത്. ഈ സിനിമ മാസാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇതൊരു അമർചിത്ര കഥ എന്ന രീതിയിൽ തന്നെയാണ് പറഞ്ഞത്’. ലിജോയുടെ വാക്കുകൾ ഇങ്ങനെ.