തിരുവല്ലം കസ്റ്റഡി മരണം: അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറി

തിരുവനന്തപുരം:തിരുവല്ലം സ്റ്റേഷനില്‍ പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറി.കസ്റ്റഡി മരണം ഉണ്ടായാല്‍ കേസ് സി.ബി.ഐയ്ക്കു വിടുമെന്ന സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്.

സംസ്ഥാന ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്.കഴിഞ്ഞ 28 നാണ് തിരുവല്ലം നെല്ലിയോട് മേലേചരുവിള പുത്തന്‍ വീട്ടില്‍ സി.പ്രഭാകരന്റെയും സുധയുടെയും മകന്‍ സുരേഷ് (40) മരിച്ചത്.ജഡ്ജിക്കുന്ന് എന്ന സ്ഥലം കാണാനെത്തിയ ദമ്പതികളെ സംഘം ചേര്‍ന്ന് ആക്രമിച്ചെന്ന പരാതിയില്‍ പിടിയിലായ സുരേഷ് ഒരു രാത്രി മുഴുവന്‍ പൊലീസ് കസ്റ്റഡിയിലായിരുന്നു.

പിറ്റേന്നു രാവിലെയാണു നെഞ്ചുവേദനയെത്തുടര്‍ന്നു കുഴഞ്ഞു വീണതും ആശുപത്രിയിലെത്തിക്കും വഴി മരിച്ചതും.സുരേഷിന്റെ രീരത്തില്‍ 12 ചതവുണ്ടെന്നും മരണത്തിനു കാരണമായ ഹൃദ്രോഗബാധയ്ക്ക് അത് ആക്കം കൂട്ടിയിരിക്കാമെന്നുമുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

ശരീരത്തില്‍ പരുക്കില്ലെന്നും ഹൃദയാഘാതം മൂലമാണു മരിച്ചതെന്നുമാണു പൊലീസ് പറഞ്ഞിരുന്നത്.താടിയെല്ലിനു താഴെ കഴുത്തിന്റെ വലതു വശത്ത്, കഴുത്തിനു മുന്‍പില്‍ ഇടതുവശത്ത്, വലതു തുടയുടെ പിന്‍ഭാഗത്ത്, കാല്‍മുട്ടിനു മുകളില്‍ വലതു തുടയില്‍, തോളിനു താഴെ ഇടതു കൈയ്യുടെ പിന്‍ഭാഗത്ത്, കാല്‍മുട്ടിനു മുകളില്‍ ഇടതു തുടയുടെ പിന്നില്‍, മുതുകില്‍ മുകളിലും താഴെയും ഇടത്തും വലത്തുമായി 6 ഭാഗങ്ങളില്‍ എന്നിങ്ങനെയാണു ചതവുള്ളത്

എത്ര നീളത്തിലും വീതിയിലുമാണ് ചതവ് എന്നതും വിവരിച്ചിട്ടുണ്ട്. എങ്ങനെ ഇതു സംഭവിച്ചെന്നു റിപ്പോര്‍ട്ടിലില്ല.സംഭവത്തില്‍ തിരുവല്ലം സ്റ്റേഷനിലെ എസ്.ഐമാരായ ബിപിന്‍ പ്രകാശ്, വൈശാഖ്, ഗ്രേഡ് എസ്‌ഐ സജീവ് എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു.സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സുരേഷ് നായര്‍ക്കു കാരണം കാണിക്കല്‍ നോട്ടിസും നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News