CrimeKeralaNews

വിവാഹബന്ധം തകര്‍ത്തതിൽ പ്രതികാരം, മാതാപിതാക്കളെ വകവരുത്താൻ കത്തി വാങ്ങി കാത്തിരുന്നു; കൊലപാതകം ആസൂത്രിതമെന്ന് പോലീസ്

പത്തനംതിട്ട: തിരുവല്ലയില്‍ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയത് പ്രതി നേരത്തെ ആസൂത്രണം ചെയ്തതനുസരിച്ചാണെന്ന് പോലീസ്.

ഇതിനായി അനില്‍ കത്തി വാങ്ങി കാത്തിരിക്കുകയായിരുന്നു. പതിനാലുവര്‍ഷം മുന്‍പ് കുടുംബ ജീവിതം തകര്‍ത്തത് അച്ഛനും അമ്മയുമാണെന്ന മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി: അര്‍ഷാദ് പറഞ്ഞു.

പരുമല പള്ളിക്കടുത്തെ സ്ട്രീറ്റില്‍ നിന്നാണ് കൃത്യത്തിന് ഉപയോഗിക്കാനുള്ള കത്തിവാങ്ങിയത്. വീടിന് മുറ്റത്തുവച്ചാണ് മാതാപിതാക്കളായ കൃഷ്ണന്‍കുട്ടിയെയും ശാരദയെയും വെട്ടിക്കൊലപ്പെടുത്തിയതെന്നും ഇയാള്‍ക്കെതിരെ നേരത്തെ പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു.

രാവിലെ എട്ടേമുക്കാലോടെയാണ് പുളിക്കീഴ് നാക്കട ആശാരിപ്പറമ്ബില്‍ കൃഷ്ണന്‍കുട്ടി (76), ശാരദ (68) എന്നിവരെ ഇളയ മകന്‍ അനില്‍ വെട്ടിക്കൊലപ്പെടുത്തിയത്. രണ്ടു പേരും തത്ക്ഷണം കൊല്ലപ്പെട്ടു. മാതാപിതാക്കളെ ആക്രമിച്ച ശേഷം ആയുധവുമായി സ്ഥലത്ത് അനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. പിന്നീട് പുളിക്കീഴില്‍ നിന്ന് കൂടുതല്‍ പോലീസെത്തി ഇയാളെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് അനില്‍ വീട്ടില്‍ താമസിച്ചു വന്നത്.

വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് പോലീസിനെ സംഭവമറിയിച്ചത്. അനില്‍ ആയുധവുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതു കൊണ്ടു തന്നെ പരിക്കേറ്റ കൃഷ്ണന്‍കുട്ടിയേയും ശാരദയേയും ആശുപത്രിയിലെത്തിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. അതിനാല്‍ തന്നെ രക്തം വാര്‍ന്ന് ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.

മകന്‍ അനിലുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ദമ്ബതികള്‍ ഏതാനും ആഴ്ചകള്‍ മുമ്ബുവരെ വാടക വീട്ടിലായിരുന്നു താമസം. രണ്ടു ദിവസങ്ങള്‍ക്ക് മുമ്ബാണ് ഇരുവരും വീട്ടില്‍ തിരിച്ചെത്തിയത്.

മാതാപിതാക്കളെ ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടിലെത്തി കണ്ട് സംസാരിച്ച ശേഷമാണ് അനില്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. കുടുംബത്തില്‍ സ്വത്തുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ പതിവായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button