മലപ്പുറം: മുസ്ലിം ലീഗില്‍ ഒന്നാമനായി തുടരാന്‍ ആഗ്രഹിക്കുന്നില്ല എന്ന് ദേശീയ ജനറല്‍ സെക്രട്ടറിയും എം എല്‍ എയുമായ പി കെ കുഞ്ഞാലിക്കുട്ടി. ഒരു ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ നല്ല സമയം കഴിഞ്ഞെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇനി ഒരു റോളില്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.
യു ഡി എഫ് നന്നായാല്‍ വിട്ടുപോയ കക്ഷികള്‍ തിരികെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇടതുമുന്നണിയിലേക്ക് ഇല്ലെന്ന തീരുമാനം എല്ലാ കാലത്തേക്കും ഉള്ളതല്ല എന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. എന്നാല്‍ അത് ഇപ്പോള്‍ ചര്‍ച്ച ചെയ്യന്നതില്‍ അര്‍ത്ഥമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഖ്യകക്ഷി എന്നത് കോണ്‍ഗ്രസിന് നല്‍കിയ വാക്കാണെന്നും അതില്‍ മാറ്റമില്ലെന്നും മുന്‍ മന്ത്രി കൂടിയായ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി പറഞ്ഞ ചാരിതാര്‍ഥ്യം എനിക്കുമുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്നത് അപ്പോള്‍ തീരുമാനിക്കേണ്ടതാണ്, കുഞ്ഞാലിക്കുട്ടി പറയുന്നു.
മുസ്ലീം ലീഗിലെ പുതിയ പി കെ കുഞ്ഞാലിക്കുട്ടി ആരെന്ന് കാലം കണ്ടെത്തും എന്നും പാര്‍ട്ടിയില്‍ തലമുറ മാറ്റത്തിന് കളമൊരുക്കും എന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ബി ജെ പി ബുള്‍ഡോസര്‍ രാഷ്ട്രീയം നടത്തിയ ജഹാംഗീര്‍പുരിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പോകേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മതനിരപേക്ഷ കാഴ്ചപ്പാടാണ് കോണ്‍ഗ്രസിന്റെ ഇടമെന്നും വര്‍ഗീയ പ്രീണനം കോണ്‍ഗ്രസ് ചെയ്യേണ്ടത് അല്ല എന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അവരത് ചെയ്യുന്നില്ല എന്നും ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ഇനിയും പ്രവര്‍ത്തിക്കണം എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജഹാംഗീര്‍പുരിയില്‍ രാഹുല്‍ ഗാന്ധി ഉടനെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അദ്ദേഹം ജഹാംഗീര്‍പുരിയുടെ സമീപ പ്രദേശത്തുണ്ടായിരുന്നോ എന്ന് തനിക്ക് അറിയില്ല. എന്നാല്‍ രാഹുലും പ്രിയങ്കയും പോയാല്‍ നല്ലതായിരുന്നു എന്നും ഏത് സാഹചര്യത്തിലാണ് അവര്‍ പോകാതിരുന്നതെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന രാഷ്ട്രീയത്തില്‍ യു ഡി എഫിന്റെ പ്രസന്റേഷന്‍ നന്നാക്കണം എന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ആകര്‍ഷിക്കും തരത്തില്‍ മുന്നണി മാറേണ്ടതുണ്ട്. ഇനിയും കുറെ കാര്യങ്ങള്‍ ശരിയാക്കാനുണ്ടെന്നും സമവാക്യങ്ങള്‍ ശരിയാക്കണം എന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.