തിരുവനന്തപുരത്ത് പട്ടാപ്പകല്‍ ഡോക്ടറുടെ കാറ് കുത്തിത്തുറന്ന് മോഷണം; സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാഗ് മോഷണം പോയി

തിരുവനന്തപുരം: തലസ്ഥാനത്ത് ലോക്ക് ഡൗണിനിടെ പട്ടാപ്പകല്‍ കാര്‍ കുത്തിത്തുറന്ന് മോഷണം. തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് മുന്നിലാണ് സംഭവം. വള്ളക്കടവ് സ്വദേശി ഡോ. ഷിബിന്‍ ഷായുടെ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാഗാണ് മോഷ്ടിച്ചത്. റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും ബാഗ് മോഷ്ടിച്ചയാള്‍ സിസിടിവിയില്‍ പതിഞ്ഞെങ്കിലും മാസ്‌ക് ധരിച്ചതിനാല്‍ മുഖം വ്യക്തമല്ല.

തിരുവനന്തപുരം നഗരഹൃദയത്തില്‍ വഞ്ചിയൂര്‍ ജനറലാശുപത്രിക്ക് സമീപമുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഓഫീസില്‍ രജിസ്‌ട്രേഷന് വന്നതായിരുന്നു വള്ളക്കടവ് സ്വദേശി ഡോ. ഷിബിന്‍ഷാ. ഓഫീസിനു മുന്നിലെ റോഡില്‍ പാര്‍ക്കു ചെയ്ത കാറിലുണ്ടായിരുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് അടങ്ങിയ ബാഗാണ് മോഷണം പോയത്. ഓഫീസില്‍ നിന്നു മിനിട്ടുകള്‍ക്കകം ഷിബിന്‍ ഷാ തിരികെയെത്തി. അപ്പോഴേക്കും ഗ്ലാസ് താഴ്ത്തി ബാഗെടുത്ത് മോഷ്ടാവ് കടന്നിരുന്നു.

പണമോ ലാപ് ടോപ്പോ ഉള്ളിലുണ്ട് എന്നു കരുതിയാകും മോഷ്ടാവ് ബാഗെടുത്തതെന്ന് ഡോ. ഷിബിന്‍ ഷാ കരുതുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ തന്നാല്‍ പരാതി പിന്‍വലിക്കാമെന്നും ഷിബിന്‍ ഷാ പറയുന്നു. കന്റോണ്‍മെന്റ് പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News