മോഹന്‍ലാലിന്റെ ‘കര്‍മി’ റോബോട്ടും ഇനി കോവിഡിനെ പ്രതിരോധിക്കാന്‍
എറണാകുളം: കോവിഡ് 19 രോഗീപരിചരണ രംഗത്ത് റോബോട്ടിക് സാങ്കേതിക വിദ്യയ്ക്ക് കളമൊരുങ്ങുന്നു. കോവിഡ് രോഗികളെ ഐസൊലേഷന്‍ വാര്‍ഡില്‍ പരിചരിക്കുന്നതിനായി നടന്‍ മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ സഹായത്തോടെ കേരള സ്റ്റാര്‍ട്ട്അപ്പ് മിഷനിലെ മേക്കര്‍ വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന അസിമോവ് റോബോട്ടിക്‌സാണ് കര്‍മിബോട്ട് എന്ന് നാമകരണം ചെയ്തിരിക്കുന്ന സ്വയംപര്യാപ്തമായ റോബോട്ട് വികസിപ്പിച്ചിരിക്കുന്നത്.
,p>കളമശ്ശേരി സ്റ്റാര്‍ട്ടപ്പ് മിഷന്‍ സെന്റെറില്‍ നടന്ന ചടങ്ങില്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ ഡയറക്ടര്‍മാരായ മേജര്‍ രവി, വിനു കൃഷ്ണന്‍, അസിമോവ് റോബോട്ടിക്‌സ് സി.ഇ.ഒ ടി. ജയകൃഷ്ണന്‍ എന്നിവര്‍ ജില്ലാ കളക്ടര്‍ എസ് .സുഹാസിന് റോബോട്ട് കൈമാറി. ആരോഗ്യവിഭാഗത്തിന്റെ പരിശോധനയ്ക്കും അംഗീകാരത്തിനും ശേഷം റോബോട്ട് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡിലെ രോഗികളെ പരിചരിക്കുന്നതിനായി കൈമാറുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
രോഗികള്‍ക്ക് ഭക്ഷണവും മരുന്നും വെള്ളവും എത്തിച്ചുകൊടുക്കുക, രോഗികള്‍ ഉപയോഗിച്ച പാത്രങ്ങളും മറ്റു വസ്തുക്കളും അണുവിമുക്തമാക്കി തിരികെ എത്തിക്കുക, രോഗികളുമായി ഡോക്ടര്‍ക്ക് വീഡിയോ കോളിനുള്ള സൗകര്യമൊരുക്കുക എന്നിവയാണ് റോബോട്ടിന്റെ പ്രധാന ചുമതലകള്‍. രോഗികളുമായുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സമ്പര്‍ക്കം പരമാവധി കുറയ്ക്കുക, പി.പി.ഇ കിറ്റുകളുടെ ഉപയോഗം പരിമിതപ്പെടുത്തുക എന്നിവയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ചിട്ടപ്പെടുത്തിയ കാര്യങ്ങള്‍ പൂര്‍ണ്ണമായും ചെയ്യാന്‍ റോബോട്ടിന് സാധിക്കും. 25 കിലോ ഭാരം വഹിക്കാന്‍ ശേഷിയുള്ള റോബോട്ടിന് സെക്കന്റില്‍ ഒരു മീറ്ററോളം വേഗത്തില്‍ സഞ്ചരിക്കുവാനും സാധിക്കും. സോപ്പ് ലായനിയും അള്‍ട്രാ വയലറ്റ് (യു.വി) ലൈറ്റും ഉപയോഗിച്ചുള്ള അണുനശീകരണശേഷിയും കര്‍മ്മി ബോട്ടിന്റെ പ്രത്യേകതയാണ്.
ഓട്ടോമാറ്റിക് ചാര്‍ജിംഗ് ,സ്പര്‍ശന രഹിത ശരീര ഊഷ്മാവ് പരിശോധന തുടങ്ങിയ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി റോബോട്ടിന്റെ
ശേഷി വര്‍ദ്ധിപ്പിക്കാനും നിര്‍മ്മാതാക്കള്‍ക്ക് പദ്ധതിയുണ്ട്. ചടങ്ങില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് മാത്യു, ആര്‍.എം. ഒ ഡോ. ഗണേഷ് മോഹന്‍, ഡോ. മനോജ് ആന്റണി, എന്നിവര്‍ സന്നിഹിതരായിരുന്നു.