പാലക്കാട്: പാലക്കാട് പാടൂര്‍ വേലയ്ക്കിടെ ആനയിടഞ്ഞു. കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ഇടഞ്ഞത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ആനയെ ഉടൻ തളച്ചതിനാൽ വലിയ അപകടമുണ്ടായില്ല.
ഉത്സവത്തിനിടെ ഒപ്പമുണ്ടായിരുന്ന ആനയുടെ ചിന്നംവിളി കേട്ട് പരിഭ്രാന്തനായ ആന അപ്രതീക്ഷിതമായി മുന്നോട്ട് ഓടുകയായിരുന്നു. കാഴ്ചശേഷി കുറവായതിനാൽ ശബ്ദം കേട്ടാൽ പരിഭ്രാന്തനാവുന്ന സ്വഭാവക്കാരനാണ് ഈ ആന. ഒന്നാം പാപ്പാൻ നെന്മാറ കരിമ്പാറ സ്വദേശി രാമന് (63) ആനയുടെ തട്ടേറ്റ് നട്ടെല്ലിന് പരിക്കേറ്റു. ഇദ്ദേഹത്തെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിഭ്രാന്തരായി ഓടുമ്പോൾ പാടൂർ തെക്കേക്കളം രാധിക (43), അനന്യ (12) എന്നിവർക്കും മറ്റു നാലുപേർക്കും വീണ് ചെറിയ പരിക്കേറ്റു. ഇവരെ ആലത്തൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാവശ്ശേരി പാടൂരിൽ ഉത്സവം എഴുന്നള്ളത്തിനുശേഷം വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. എങ്കിലും ഉത്സവച്ചടങ്ങുകളൊക്കെ തടസ്സമില്ലാതെ നടന്നു. ആനസ്‌ക്വാഡും പാപ്പാന്മാരും ചേർന്ന് ആനയെ തളച്ചു. രാത്രി എഴുന്നള്ളത്തിന് നിർത്താതെ ലോറിയിൽ തിരിച്ചയക്കുകയും ചെയ്തു.