CrimeKeralaNews

യുവതി മരിച്ച നിലയിൽ; ഒപ്പം താമസിച്ചിരുന്ന യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു

കാക്കനാട്: ചെമ്പുമുക്ക് പാറക്കാട്ട് ടെമ്പിൾ എംഎൽഎ റോഡിലെ അപാർട്മെന്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒപ്പം താമസിച്ചിരുന്ന യുവാവ് കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച നിലയിലും കാണപ്പെട്ടു.

കോഴിക്കോട് തലക്കുളത്തൂർ  വികെ റോഡ് കുനിയിൽ ബാലന്റെ മകൾ വൈഷ്ണവിയാണ് (22) മരിച്ചത്. ഇടുക്കി തങ്കമണി വെമ്പേലിൽ ജേക്കബ് ജോസഫിന്റെ മകൻ അലക്സ് ജേക്കബിനെ (24) ആണ് കൈത്തണ്ട മുറിച്ച നിലയിൽ യുവതിയുടെ മൃതദേഹത്തിനു സമീപം കണ്ടത്. യുവതിയുടെയും കൈത്തണ്ട മുറിച്ചിട്ടുണ്ട്. 

വൈഷ്ണവി സ്വകാര്യ കമ്പനിയിലെ ഡിജിറ്റൽ മാർക്കറ്റിങ് ജീവനക്കാരിയാണ്. അലക്സ് പ്രത്യേക സാമ്പത്തിക മേഖലയിലെ ഐടി യൂണിറ്റ് ജീവനക്കാരനും.  മൂന്നു നില സമുച്ചയത്തിലെ രണ്ടാം നിലയിലെ അപ്പാർട്മെന്റ് രണ്ടാഴ്ച മുൻപാണ് ഇവർ വാടകക്കെടുത്തത്. ഇന്നലെ രാവിലെ 9ന് മീറ്റർ റീഡിങ് എടുക്കാനെത്തിയ ജല അതോറിറ്റി ജീവനക്കാരൻ അപ്പാർട്മെന്റിനകത്തു ഞെരക്കവും കരച്ചിലും കേട്ടു മുകൾനിലയിലെത്തി നോക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

തറയിൽ കിടക്കുകയായിരുന്ന വൈഷ്ണവിയുടെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ചു കരയുന്ന നിലയിലായിരുന്നു അലക്സ്. പരിസരത്ത് രക്തം തളം കെട്ടിക്കിടപ്പുണ്ടായിരുന്നു. വൈഷ്ണവി തൂങ്ങിമരിച്ചതാണെന്നും താൻ അഴിച്ചു താഴെ കിടത്തിയതാണെന്നും അലക്സ് പൊലീസിനോടു പറഞ്ഞു. മുറിയിലെ ഫാനിൽ തുണി കെട്ടിയിരുന്നു. 

വ്യാഴാഴ്ച രാത്രി വഴക്കിനിടയിൽ തന്നെ മുറിയിൽ പൂട്ടി വൈഷ്ണവി അടുത്ത മുറിയിലേക്കു പോയെന്നും വാതിൽ തുറന്നു പുറത്തെത്തിയപ്പോൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെന്നുമാണ് അലക്സിന്റെ വിശദീകരണം. വൈഷ്ണവി മരിച്ചെന്ന് വ്യക്തമായപ്പോൾ ആ വിഷമത്തിലാണ് സ്വന്തം കൈത്തണ്ട മുറിച്ചതെന്നും അലക്സ് പറഞ്ഞു.

മൃതദേഹം എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അലക്സ് അവിടെ ചികിത്സയിലാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button