26.8 C
Kottayam
Monday, April 29, 2024

ഊട്ടിയിൽ തെളിവെടുപ്പിന് കൊണ്ടുപോയ പോക്സോ കേസ് ഇരയായ പെൺകുട്ടിക്ക് നേരെ കയ്യേറ്റം; ASI-ക്ക് സസ്പെൻഷൻ,കേസ്‌

Must read

വയനാട്: തെളിവെടുപ്പിനിടെ പോക്സോ കേസ് ഇരയായ പെണ്‍കുട്ടിക്കുനേരെ കയ്യേറ്റം നടത്തിയെന്ന പരാതിയില്‍ എ.എസ്.ഐയ്ക്ക് സസ്പെന്‍ഷന്‍. അമ്പലവയല്‍ ഗ്രേഡ് എ.എസ്.ഐ. ടി.ജി. ബാബുവിനെയാണ് അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തത്.

പതിനാറുകാരിയായ യുവതിയുടെ പരാതിയില്‍ കണ്ണൂര്‍ ഡി.ഐ.ജി. രാഹുല്‍ ആര്‍. നായരാണ് നടപടിയെടുത്തത്. സംഘത്തിലുണ്ടായിരുന്ന സബ് ഇന്‍സ്പെക്ടര്‍, സി.പി.ഒ. എന്നിവര്‍ക്കെതിരെയും അന്വേഷണമുണ്ടാകും.

പോക്സോ കേസില്‍ ഇരയായ 16 കാരിയെ കഴിഞ്ഞ 26ന് അമ്പലവയല്‍ പോലീസ് ഊട്ടിയില്‍ തെളിവെടുപ്പിന് കൊണ്ടുപോയിരുന്നു. ലോഡ്ജില്‍ തെളിവെടുപ്പിനായി പോയ സംഘത്തില്‍ അമ്പലവയല്‍ എസ്.ഐ. സോബിന്‍, എ.എസ്.ഐ. ബാബു, സി.പി.ഒ. പ്രജിഷ എന്നിവരാണുണ്ടായിരുന്നത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങുമ്പോഴാണ് ഇരക്കുനേരെ കയ്യേറ്റം നടന്നത്.

ഗ്രേഡ് എ.എസ്.ഐ. ടി.ജി. ബാബു പെണ്‍കുട്ടിയെ മാറ്റിനിര്‍ത്തി കയ്യില്‍ക്കയറി പിടിക്കുകയും മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് പരാതി. ഷെല്‍ട്ടര്‍ ഹോമിലെ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.

ശേഷം സി.ഡബ്ലിയു.സി. ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതേത്തുടര്‍ന്നാണ് ഗ്രേഡ് എ.എസ്.ഐ ബാബുവിനെ സസ്പെന്റ് ചെയ്തുകൊണ്ട് കണ്ണൂര്‍ ഡി.ഐ.ജി. രാഹുല്‍ ആര്‍ നായര്‍ ഉത്തരവിറക്കിയത്. പോലീസ് സംഘത്തിലുണ്ടായിരുന്ന എസ്.ഐ. സോബിന്‍, സി.പി.ഒ. പ്രജിഷ എന്നിവര്‍ക്കുനേരെ വകുപ്പുതല അന്വേണവും ഉണ്ടാകും.

പോക്സോ വകുപ്പ് പ്രകാരം അമ്പലവയല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര കൃത്യവിലോപം നടന്നതായാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ സ്പെഷ്യല്‍ബ്രാഞ്ച് ഡി.വൈ.എസ്.പി.യെ ചുമതലപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week