ബെംഗളൂരു: ഐഎസ്എല്‍ ഒമ്പതാം സീസണിലെ രണ്ടാം ദിവസത്തെ മത്സരത്തില്‍ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരേ ബെംഗളൂരു എഫ്‌സിക്ക് ജയം. സ്വന്തം മൈതാനത്ത് എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരു, നോര്‍ത്ത്ഈസ്റ്റിനെ പരാജയപ്പെടുത്തിയത്.
ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ തുടക്കത്തില്‍ അല്‍പം പതറിയെങ്കിലും പിന്നീട് കളംപിടിച്ച നോര്‍ത്ത്ഈസ്റ്റ് നിരവധി മികച്ച അവസരങ്ങള്‍ സൃഷ്ടിച്ച ശേഷമാണ് കീഴടങ്ങിയത്. ഇന്‍ജുറി ടൈമില്‍ ജോണ്‍ ഗസ്റ്റാന്‍ഗ നേടിയ ഗോള്‍ ഓഫ്‌സൈഡാണെന്ന് വിധിച്ച് റഫറി പിന്‍വലിച്ചതും പാര്‍ഥിബ് ഗൊഗോയിയുടെ ഷോട്ട് ബാറിലിടിച്ച് മടങ്ങിയതും നോര്‍ത്ത്ഈസ്റ്റിന് തിരിച്ചടിയായി.
87-ാം മിനിറ്റില്‍ കോര്‍ണറില്‍ തലവെച്ച് അലന്‍ കോസ്റ്റയാണ് ബെംഗളൂരുവിന്റെ വിജയ ഗോള്‍ നേടിയത്.
https://fb.watch/g1pZvrJvAu/ആദ്യ പകുതിയുടെ തുടക്കത്തില്‍ സ്വന്തം മൈതാനത്ത് ബെംഗളൂരുവിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ പതിയെ താളം കണ്ടെത്തിയ നോര്‍ത്ത്ഈസ്റ്റ് പിന്നീട് കളംപിടിച്ചു.
14-ാം മിനിറ്റില്‍ തന്നെ ബെംഗളൂരുവിന് മുന്നിലെത്താനുള്ള അവസരം ലഭിച്ചതാണ്. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ റോഷന്‍ നരേം നല്‍കിയ പന്ത് പക്ഷേ വലയിലെത്തിക്കാന്‍ ബോക്‌സിലുണ്ടായിരുന്ന ശിവ നാരായണന് സാധിച്ചില്ല. ശിവയുടെ ഫസ്റ്റ് ടച്ച് പുറത്തേക്ക് പോകുകയായിരുന്നു.
18-ാം മിനിറ്റില്‍ മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി താരം ജിതിന്‍ എം.എസിനും മികച്ചൊരു അവസരം ലഭിച്ചു. പ്രബിര്‍ ദാസിനെ വെട്ടിച്ച് മുന്നേറിയ ജിതിന്‍ പക്ഷേ പന്ത് പുറത്തേക്കടിച്ചു.
64-ാം മിനിറ്റിലും ശിവ നാരായണന് നല്ലൊരു അവസരം ലഭിച്ചു. സ്വന്തം ഹാഫില്‍ നിന്ന് ലഭിച്ച ഒരു ലോങ് ബോള്‍ സ്വീകരിച്ച ശിവ മികച്ച പൊസിഷനിലായിരുന്നിട്ടും അത് പോസ്റ്റിലേക്ക് അടിക്കേണ്ടതിന് പകരം സുനില്‍ ഛേത്രിക്ക് മറിച്ച് നല്‍കുകയായിരുന്നു.
തുടര്‍ന്ന് 87-ാം മിനിറ്റില്‍ കോര്‍ണറില്‍ നിന്ന് അലന്‍ കോസ്റ്റ ബെംഗളൂരുവിനെ മുന്നിലെത്തിച്ചു. സമനില ഗോളിനായി നോര്‍ത്ത്ഈസ്റ്റ് കിണഞ്ഞ് ശ്രമിക്കവെയാണ് ഇന്‍ജുറി ടൈമില്‍ ജോണ്‍ ഗസ്റ്റാന്‍ഗയുടെ ഷോട്ട് വലയില്‍ കയറുന്നത്. എന്നാല്‍ നോര്‍ത്ത്ഈസ്റ്റ് താരങ്ങള്‍ ഗോള്‍ ആഘോഷിക്കുന്നതിനിടെ ലൈന്‍ റഫറി ഓഫ്‌സൈഡ് കൊടിയുയര്‍ത്തുകയായിരുന്നു. ജോണിന്റെ ഷോട്ട് വലയില്‍ കയറും മുമ്പ് ഓഫ്‌സൈഡ് പൊസിഷനിലായിരുന്ന റൊമയ്‌നിന്റെ കാലില്‍ തട്ടിയെന്നായിരുന്നു റഫറിയുടെ വിധി. എന്നാല്‍ പന്ത് താരത്തിന്റെ കാലില്‍ തട്ടിയില്ലെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.