ദുൽഖർ വളരെ നേരത്തെ കല്യാണം കഴിക്കാനുള്ള കാരണം!, മകന്റെ വിവാഹത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്
കൊച്ചി:മലയാളത്തിലെ മിന്നും താരമാണ് ദുൽഖർ സൽമാൻ ഇന്ന്. തമിഴും തെലുങ്കും കടന്ന് ഹിന്ദിയിൽ വരെ തിളങ്ങി നിൽക്കുകയാണ് ദുൽഖർ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ മലയാളത്തിലൂടെ കരിയർ ആരംഭിച്ച ദുൽഖർ ഇന്ന് അറിയപ്പെടുന്നത് പാൻ ഇന്ത്യൻ താരമായിട്ടാണ്. ഇന്ത്യയൊട്ടാകെ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ നടന് സാധിച്ചിട്ടുണ്ട്.
ഈ വർഷം പുറത്തിറങ്ങിയ സീതാരാമം ഛുപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ദുൽഖർ പാൻ ഇന്ത്യൻ തരാമെന്ന പേര് സ്വന്തമാക്കിയത്. രണ്ടു ചിത്രങ്ങളും ഗംഭീര വിജയമായി മാറിയിരുന്നു. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച രണ്ടു ചിത്രങ്ങളായിട്ടാണ് ആരാധകർ ഈ രണ്ടു ചിത്രങ്ങളെയും വിലയിരുത്തുന്നത്.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന പേരോടെയാണ് എത്തിയതെങ്കിലും ആദ്യ സിനിമയായ സെക്കൻഡ് ഷോയ്ക്ക് ശേഷം വലിയ രീതിയിൽ വിമർശനങ്ങളും മറ്റും ദുൽഖർ കേട്ടിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് സ്വന്തം വഴി കണ്ടെത്തി മുന്നോട്ട് കുതിക്കുകയായിരുന്നു നടൻ. മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ നിന്ന് മാറി സ്വന്തം പേരിൽ അറിയപ്പെടാൻ ദുൽഖറിന് വലിയ താമസം വന്നില്ല എന്നതാണ് സത്യം.
തന്റെ കുടുംബവുമായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് ദുൽഖർ. കുടുംബവുമൊത്ത് സ്ഥിരമായി യാത്രകൾ ചെയ്യാനും സമയം കണ്ടെത്താനുമെല്ലാം നടൻ ശ്രമിക്കാറുണ്ട്. മമ്മൂട്ടിയെ കുറിച്ചും തന്റെ അമ്മയെക്കുറിച്ചും ഭാര്യയെക്കുറിച്ചും മകളെക്കുറിച്ചും സഹോദരിയെക്കുറിച്ചുമൊക്കെ പല അഭിമുഖങ്ങളിലും ദുൽഖർ വാചാലനായി മാറാറുണ്ട്.
അതേസമയം നേരെ തിരിച്ചാണ് മമ്മൂട്ടി. ചില അഭിമുഖങ്ങളിൽ മാത്രമേ മമ്മൂട്ടി ദുൽഖറിനെ കുറിച്ച് സംസാരിച്ച് കണ്ടിട്ടുള്ളു. അങ്ങനെ ഒരു അഭിമുഖത്തിൽ ദുൽഖർ എന്തുകൊണ്ടാണ് വളരെ നേരത്തെ വിവാഹം കഴിച്ചതെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ദുൽഖറിന്റെ വിവാഹ വാർഷിക ദിനമായ ഇന്ന് ആ വാക്കുകൾ വീണ്ടും ശ്രദ്ധനേടുകയാണ്.
സിനിമയിലെത്തുന്നതിന് മുന്‍പേ ദുല്‍ഖര്‍ വിവാഹിതനായിരുന്നു. 2011 ലാണ് ദുൽഖർ ആർക്കിടെക്റ്റായ അമാൽ സൂഫിയയെ വിവാഹം കഴിച്ചത്. ഇപ്പോൾ ഇവർക്ക് മറിയം എന്ന് പേരുള്ള അഞ്ച് വയസുള്ള മകളുമുണ്ട്. ദുൽഖറിനെ പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ് അമാലും മറിയവും.
ചെറുപ്പത്തിൽ വിവാഹിതനാകുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിന് കൂടുതൽ സ്ഥിരതയും ദിശാബോധവും നൽകുമെന്നാണ് ദുൽഖർ നേരത്തെ വിവാഹിതനായതിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്. തന്റെ ദാമ്പത്യ ജീവിതം തന്നെയാണ് മമ്മൂട്ടി അതിന് ഒരു ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.
വീട്ടുക്കാർ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു ദുൽഖറിന്റേത്. പലപ്പോഴും വിവാഹത്തെ കുറിച്ച് നടന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഒരേ സ്‌കൂളിൽ പഠിച്ചവരാണ് ഇവർ. സ്‌കൂളിൽ വെച്ച് കണ്ടിട്ടുണ്ട്. എന്നാൽ ഒരിക്കൽ ചില പൊതു ഇടങ്ങളിൽ വെച്ച് ദുൽഖറിന്റെ ഉമ്മ സുൽഫത്ത് അമാലിനെ കണ്ടതോടെയാണ് വിവാഹ ആലോചനയുമായി അമാലിന്റെ കുടുംബത്തെ സമീപിക്കുന്നത്.
നേരത്തെ വിവാഹം കഴിച്ചത് ഗുണം ചെയ്തു എന്ന വിശ്വസിക്കുന്ന ആൾ കൂടിയാണ് ദുൽഖർ. നേരത്തെ വിവാഹം കഴിച്ചത് തന്നെ ഒരു ഉത്തരവാദിത്തമുള്ള മനുഷ്യനാകാനും അഭിനയത്തെ സീരിയസ് ആയി എടുക്കാനും തന്നെ സ്വാധീനിച്ചിട്ടുണ്ട് എന്നാണ് ദുൽഖർ ഒരിക്കൽ പറഞ്ഞത്. ദുൽഖറിന് അമാലിനോടുള്ള സ്നേഹത്തെ കുറിച്ചെല്ലാം പലപ്പോഴും ദുൽഖറിന്റെ നായികമാർ തന്നെ പറഞ്ഞിട്ടുണ്ട്.
തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അമാൽ എന്നാണ് ദുൽഖർ ഒരിക്കൽ പറഞ്ഞത്. അമലാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്ന് കരുതുന്നതായും ദുൽഖർ പറഞ്ഞിട്ടുണ്ട്.