ഇടുക്കി: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പോലീസ് എത്തിച്ച രോഗി അക്രമാസക്തനായി. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. അക്രമാസക്തനായ യുവാവ് പിന്നീട് ഓടിരക്ഷപ്പെട്ടെങ്കിലും പോലീസ് ഇയാളെ പിടികൂടി വീണ്ടും ആശുപത്രിയില്‍ എത്തിച്ചു. ഒടുവില്‍ കൈകാലുകള്‍ ബന്ധിച്ചശേഷമാണ് ചികിത്സ നല്‍കിയത്.
അടിപിടിയില്‍ പരിക്കേറ്റയാളെയാണ് പോലീസ് രാത്രി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ ജീവനക്കാരെ അസഭ്യം പറയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഈ രീതിയിലാണെങ്കില്‍ ചികിത്സിക്കാന്‍ ബുദ്ധിമുട്ടാകുമെന്നും യുവാവ് അക്രമിക്കാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍ പോലീസിനെ അറിയിച്ചു. എന്നാല്‍, ഇതിനിടെ രോഗി ആശുപത്രിയില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു.
അത്യാഹിതവിഭാഗത്തില്‍നിന്ന് കടന്നുകളഞ്ഞ ഇയാളെ നാട്ടുകാരും പോലീസും നടത്തിയ തിരച്ചില്‍ സമീപത്തെ കാട്ടില്‍നിന്നാണ് പിടികൂടിയത്. തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയും കൈകാലുകള്‍ കെട്ടിയിട്ടശേഷം ചികിത്സ നല്‍കുകയുമായിരുന്നു.
കൊട്ടാരക്കരയിലേതിന് സമാനമായ സംഭവമാണ് നെടുങ്കണ്ടത്ത് സംഭവിച്ചതെന്നായിരുന്നു ആശുപത്രിയിലെ ഡോക്ടര്‍ വിഷ്ണുരാജിന്റെ പ്രതികരണം. രാത്രി പോലീസുകാരാണ് പ്രതിയെ കൊണ്ടുവന്നത്. രക്തത്തില്‍ കുളിച്ച അവസ്ഥയിലുള്ള ഇയാൾ വന്നപ്പോള്‍ തന്നെ ആക്രമണസ്വഭാവത്തിലായിരുന്നു. ഈ രീതിയിലാണെങ്കില്‍ ചികിത്സിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന് പോലീസിനോട് പറഞ്ഞു. ഇതിനിടെ അയാള്‍ ഓടി. പിന്നീട് പോലീസ് പിടികൂടി വീണ്ടും കാഷ്വാലിറ്റിയില്‍ എത്തിച്ചു. അപ്പോളും അയാള്‍ അക്രമാസക്തനായിരുന്നു. എല്ലാവരെയും ചീത്തവിളിച്ചു. പോലീസുകാര്‍ സുരക്ഷ നല്‍കാമെന്ന് ഉറപ്പുനല്‍കി. തുടര്‍ന്ന് കൈയും കാലും കെട്ടിയിട്ടാണ് ചികിത്സ നല്‍കിയതെന്നും ഡോക്ടര്‍ പറഞ്ഞു.
കഴിഞ്ഞദിവസം രാത്രി സുഹൃത്തുക്കളുമായി തര്‍ക്കമുണ്ടാക്കിയ യുവാവ് രണ്ട് വാഹനങ്ങള്‍ അടിച്ചുതകര്‍ത്തിരുന്നു. തുടര്‍ന്ന് വാഹന ഉടമ യുവാവിനെ കമ്പിവടി കൊണ്ട് മര്‍ദിച്ചു. ഈ മര്‍ദനത്തില്‍ പരിക്കേറ്റ യുവാവിനെ പിന്നീട് പോലീസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇയാളെ ഇടുക്കി മെഡിക്കല്‍ കോളേജിലും അവിടെനിന്ന് കോട്ടയത്തെ ആശുപത്രിയിലേക്കും മാറ്റി. യുവാവിനെതിരേ ഇതുവരെ കേസെടുത്തിട്ടില്ലെന്നും ഇന്റിമേഷന്‍ ലഭിക്കുന്നമുറയ്ക്ക് കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.