ഇന്നലെ രാത്രി ഉറക്കംകിട്ടിയില്ല; ഡോക്ടർമാരെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കും: മന്ത്രി റിയാസ്

കോഴിക്കോട്: കൊട്ടാരക്കരയില്‍ യുവ ഡോക്ടര്‍ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തെ ഓര്‍ത്ത് കഴിഞ്ഞ രാത്രി ഉറക്കം കിട്ടിയില്ലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഡോക്ടര്‍മാരുടെ സംരക്ഷണം സര്‍ക്കാരിന് കണ്ണിലെ കൃഷ്ണമണി പോലെയാണെന്നും റിയാസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോര്‍ജ് നടത്തിയ പ്രസ്താവന ചില കുബുദ്ധികള്‍ വക്രീകരിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘കൊട്ടാരക്കരയിലെ സംഭവത്തെ ഓര്‍ത്ത് ഇന്നലെ രാത്രി ഉറക്കം കിട്ടിയിട്ടില്ല. ആ സംഭവം ഓര്‍ത്ത് വല്ലാതെ പ്രയാസപ്പെടുകയാണ്. നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് എല്ലാ പ്രയാസവും അനുഭവിക്കുന്നവരാണ് ഡോക്ടര്‍മാര്‍. സ്വന്തം ജീവന്‍ പോയാലും നാടിനെ സംരക്ഷിക്കണമെന്ന നിലപാട് സ്വീകരിക്കുന്നവരാണ് അവര്‍. നിപ കാലത്തും കോവിഡ് കാലത്തും അത് കണ്ടതാണ്. അങ്ങനെയുള്ള ഡോക്ടര്‍മാരെ സംരക്ഷിക്കുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ച് കണ്ണിലെ കൃഷ്ണമണി സംരക്ഷിക്കുന്നതിന് തുല്യമാണ്’, റിയാസ് പറഞ്ഞു.

ലഹരിക്കടിമയായാല്‍ അമ്മയേയും അച്ഛനേയും സഹജീവിയേയും തിരിച്ചറിയാന്‍ പറ്റാത്ത മാറ്റങ്ങള്‍ അവരില്‍ സംഭവിക്കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. എന്നാല്‍, അവിടെയും ചില തെറ്റായ പ്രചാരണങ്ങള്‍ നടന്നു. മന്ത്രി വീണാ ജോര്‍ജ് ഒരിക്കലും ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ കുബുദ്ധിയുടെ ഭാഗമായി വക്രീകരിച്ചു. മന്ത്രി അപ്പോള്‍ തന്നെ അത് സംബന്ധിച്ച് വിശദീകരിച്ചു.

മന്ത്രിമാര്‍ ഇത്തരം വിഷയങ്ങളില്‍ പ്രതികരണം നടത്തുമ്പോള്‍ ശ്രദ്ധിക്കണം. മന്ത്രിമാരുടെ ഭാഗത്തുനിന്ന് ഒരു തരത്തിലുള്ള തെറ്റായ പ്രസ്താവനയും വരാന്‍ പാടില്ല. എന്നാല്‍ വീണാ ജോര്‍ജ് ഒരു തരത്തിലും തെറ്റായ പ്രസ്താവന നടത്തിയിട്ടില്ലെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News