മുണ്ടക്കയം: കോട്ടയം മുണ്ടക്കയത്ത് ക്ഷേത്രത്തിൽനിന്ന് മൂന്നുലക്ഷം രൂപ വിലവരുന്ന ഓട്ടുവിളക്കുകള്‍ മോഷ്ടിച്ച കേസില്‍ ക്ഷേത്രം ശാന്തി ചേര്‍ത്തല പടിഞ്ഞാറ്റതുമ്പയില്‍ പ്രസാദ് (45), മുന്‍ ശാന്തി ഇളംകാട് കൊടുങ്ങ വെട്ടത്ത് സബിന്‍ (കുക്കു-30) എന്നിവരെ മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തു. ഇളംകാട് കൊടുങ്ങ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നാണ് മോഷണം പോയത്. ക്ഷേത്രഭരണസമിതി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. പുനരുദ്ധാനം നടക്കുന്ന ക്ഷേത്രമായതിനാല്‍ പൂട്ടിയിടാത്ത മുറിക്കുള്ളിലായിരുന്നു വിലപിടിപ്പുള്ള നിലവിളക്കുകളും മറ്റ് ഓട്ടുവിളക്കുകളും സൂക്ഷിച്ചിരുന്നത്. മാസപൂജ മാത്രം നടത്താറുള്ള ക്ഷേത്രത്തില്‍ പലപ്പോഴായി മോഷണം നടന്നെന്നും പൊലീസ് പറഞ്ഞു.
എറണാകുളം പറവൂരിൽ പെട്രോൾ പമ്പിൽ വൻ മോഷണം. വാതിൽ കുത്തി തുറന്ന് അകത്തുകടന്ന മോഷ്ടാവ് പണവും മൊബൈൽ ഫോണും കവർന്നു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഒരു ലക്ഷത്തിമുപ്പതിനായിരം രൂപ നഷ്ടമായെന്നാണ് ജീവനക്കാർ അറിയിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മുൻ വാതിൽ കുത്തി തുറന്ന് മോഷ്ടാവ് അകത്തു കടക്കുന്നതിന്റെ ദൃശ്യങ്ങൾ പമ്പിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഓഫീസ് ആവശ്യങ്ങൾക്കുപയോഗിക്കുന്ന മൊബൈൽ ഫോണാണ് നഷ്ടപ്പെട്ടത്.
കോഴിക്കോടും ഇന്ന് സമാനമായ രീതിയിൽ പമ്പിൽ മോഷണം നടന്നിരുന്നു. കോട്ടൂളിയിൽ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കിയാണ് അജ്ഞാതൻ കവർച്ച നടത്തിയത്. അർദ്ധരാത്രിയോടെയാണ് ജീവനക്കാരനെ കെട്ടിയിട്ട് സിനിമാമോഡലിൽ മോഷണം നടന്നത്. അമ്പതിനായിരം രൂപ കവർന്നുവെന്നാണ് പ്രാഥമികനിഗമനം. സ്ഥലത്ത് മെഡിക്കൽ കോളേജ് പൊലീസിന്‍റെ നേതൃത്വത്തിൽ ഫൊറൻസിക് വിദഗ്ധർ അടക്കം എത്തി പരിശോധന നടത്തി.