KeralaNews

ഹൈക്കോടതി സ്‌റ്റേ നീട്ടിയില്ല,എ.രാജ പ്രതിസന്ധിയില്‍ സുപ്രീംകോടതിയുടെ തീരുമാനം നിർണായകം

കൊച്ചി: അയോഗ്യനാക്കിയ ഉത്തരവിലെ സ്റ്റേ നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് ദേവികുളം എംഎല്‍എ രാജ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനായി പരമാവധി 10 ദിവസത്തേക്കായിരുന്നു സ്റ്റേ അനുവദിച്ചത്. സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്‌തെങ്കിലും ഇതുവരെ പരിഗണനയ്ക്കുവന്നില്ല. അപ്പീല്‍ ഹര്‍ജിയിലെ പിശകുകളാണ് ഇതിന് തടസ്സം.

സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചതോടെ ഹൈക്കോടതി ആദ്യം അനുവദിച്ച സ്റ്റേ ഇല്ലാതാകുന്ന സാഹചര്യമുണ്ടായി. ഇതിനാലാണ് സ്റ്റേ 20 ദിവസംകൂടി നീട്ടണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. എന്നാല്‍, സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്ത സാഹചര്യത്തില്‍ പരിഗണിക്കാനാകില്ലെന്ന് വിലയിരുത്തി ജസ്റ്റിസ് പി. സോമരാജന്‍ ഹര്‍ജി തള്ളുകയായിരുന്നു.

ഇതോടെ വീണ്ടും സാങ്കേതികമായി രാജ എം.എല്‍.എ. അല്ലാതായി. സുപ്രീംകോടതിയുടെ ഇടപെടല്‍ ഇല്ലെങ്കില്‍ നിയമസഭയില്‍ പങ്കെടുക്കാനും അദ്ദേഹത്തിന് കഴിയില്ല.

നിയമസഭാംഗമെന്ന നിലയില്‍ വോട്ടിങ്ങില്‍ പങ്കെടുക്കാനോ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനോ പാടില്ലെന്ന് ഇടക്കാല സ്റ്റേ നല്‍കിയ ഉത്തരവില്‍തന്നെ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയുടെ തീരുമാനമാണ് ഇനി നിര്‍ണായകം.

പട്ടികജാതി സംവരണ സീറ്റില്‍ മത്സരിക്കാന്‍ രാജയ്ക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവികുളത്തെ തിരഞ്ഞെടുപ്പ് ഹൈക്കോടതി നേരത്തേ അസാധുവാക്കിയത്. വ്യാജജാതിസര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് രാജ മത്സരിച്ചതെന്നു ചൂണ്ടിക്കാട്ടി എതിര്‍സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ഡി. കുമാര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button