29.1 C
Kottayam
Friday, May 3, 2024

’34 കോടി പുണ്യം’; അബ്ദുൾ റഹീമിനെ മോചിപ്പിക്കാൻ കോടികൾ സമാഹരിച്ചത് സിനിമയാകുന്നു

Must read

തിരുവനന്തപുരം: അബ്ദുറഹീമിനെ വധശിക്ഷയിൽ നിന്ന് മോചിപ്പിക്കാൻ 34 കോടി രൂപ സമാഹരിച്ചത് സിനിമയാകുന്നു. ഡൽഹി മലയാളിയായ ഷാജി മാത്യുവാണ് സിനിമ നിർമ്മിക്കുന്നത്. 34 കോടി പുണ്യമാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് ഷാജി മാത്യു പ്രതികരിച്ചു. ഒരാൾപ്പൊക്കം, ഒഴിവുദിവസത്തെ കളി എന്നീ സിനിമകളുടെ നിർമ്മാതാവാണ് ഷാജി മാത്യു. 18 വർഷമായി സൗദി ജയിലിൽ മരണം കാത്തുകിടക്കുന്ന അബ്ദുൽ റഹീമിനെ മോചിപ്പിക്കാൻ കേരളക്കര ചേർന്നാണ് 34 കോടി രൂപ പിരിച്ചെടുത്തത്.

ഇന്നലെ വൈകിട്ടോടെ 34.45 കോടി ( 34,45,46,568) രൂപയാണ് പിരിച്ചത്. 31,93,46,568 രൂപ അക്കൗണ്ടുകൾ വഴിയും 2.52 കോടി പണമായും ലഭിച്ചു. ആഘോഷങ്ങളും യാത്രകളും മാറ്റിവച്ചാണ് നാട്ടുകാർ റഹീമിന് വേണ്ടി ഒന്നിച്ചത്. ആദ്യഘട്ടം കിട്ടിയത് അഞ്ച് കോടിയിൽ താഴെയായിരുന്നു. കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് 30 കോടി സമാഹരിച്ചത്.

2006ൽ 15 വയസുള്ള സൗദി പൗരൻ അനസ് അൽശഹ്രി മരിച്ച കേസിലാണ് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന് സൗദി കോടതി വധശിക്ഷ വിധിച്ചത്. അന്ന് 24 വയസ്. തലയ്ക്ക് താഴെ ചലനശേഷിയില്ലാത്ത അനസിനെ പരിചരിച്ചിരുന്നത് റഹീമായിരുന്നു. റഹീമിന്റെ സ്‌പോൺസറായ ഫായിസ് അബ്ദുല്ലയുടെ മകനാണ് അനസ്. 2006 ഡിസംബറിൽ, ഡ്രൈവർ വിസയിൽ സൗദിയിലെത്തിയതിന്റെ 28ാം ദിവസം അനസുമായി ഹൈപ്പർ മാർക്കറ്റിലേക്ക് പോകുമ്പോഴായിരുന്നു ജീവിതം കുരുക്കിയ സംഭവം നടന്നത്.

ഗതാഗതനിയമം ലംഘിച്ച് വാഹനം ഓടിക്കാനുള്ള അനസിന്റെ ആവശ്യം റഹീം നിരാകരിച്ചു. അനസ് റഹീമിന്റെ മുഖത്തേയ്ക്ക് തുപ്പി. ഇത് തടയുമ്പോൾ അനസിന്റെ കഴുത്തിലെ ജീവൻരക്ഷാ ഉപകരണത്തിൽ റഹീമിന്റെ കൈ തട്ടി. തുടർന്ന് അനസ് മരിച്ചു. അബ്ദുൽ റഹീം സൗദിയിലെ ബന്ധു മുഹമ്മദ് നസീറിനെ വിളിച്ചു. ഇരുവരും പൊലീസിനെ വിവരമറിയിച്ചു. റഹീമിന് വധശിക്ഷയും നസീറിനു പത്തുവർഷം തടവും കോടതി വിധിച്ചു. നസീർ ശിക്ഷ കഴിഞ്ഞ് നാട്ടിലെത്തി. ഏറെക്കാലത്തെ അപേക്ഷയ്ക്കുശേഷമാണ് 15ദശലക്ഷം റിയാൽ (34 കോടി രൂപ) നൽകിയാൽ മാപ്പ് നൽകാമെന്ന് അനസിന്റെ കുടുംബം അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week