കോട്ടയം: സംവിധാനം ചെയ്ത ആദ്യ സിനിമ പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ യുവസംവിധായകൻ വിടപറഞ്ഞു. റിലീസാകാനിരിക്കുന്ന ‘നാൻസി റാണി’ എന്ന ചിത്രത്തിന്റെ സംവിധായകൻ കുറവിലങ്ങാട് ചിറത്തടത്തിൽ ജോസഫ് മനു ജയിംസ് (മനു–31) ആണു മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചത്. സംസ്കാരം ഇന്നു 3ന് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിൽ.
അർജുൻ അശോകൻ, അഹാന കൃഷ്ണകുമാർ എന്നിവരാണു ചിത്രത്തിൽ മുഖ്യവേഷങ്ങളിൽ അഭിനയിച്ചത്. ‘ഐ ആം ക്യൂരിയസ്’ എന്ന ചിത്രത്തിൽ 2004ൽ ബാലതാരമായി അഭിനയിച്ച മനു മലയാളം, കന്നഡ സിനിമകളിലും ഇംഗ്ലിഷ് സിനിമകളിലും സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. നാടകപ്രവർത്തകനുമാണ്. വേൾഡ് മലയാളി കൗൺസിലിന്റെ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. രോഗബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കുറവിലങ്ങാട് ചിറത്തിടത്തിൽ ജെയിംസ് ജോസിന്റെയും, ഏറ്റുമാനൂർ പ്ലാത്തോട്ടത്തിൽ സിസിലി ജെയിംസിന്റെയും മകനാണ്. ഭാര്യ: കണ്ടനാട് പിട്ടാപ്പിള്ളിൽ നൈന. സഹോദരങ്ങൾ മിന്ന ജെയിംസ്, ഫിലിപ്പ് ജെയിംസ്. സഹോദരി ഭർത്താവ്: കരിമണ്ണൂർ കുറ്റിയാട്ട്മാലിൽ നവീൻ ജെയിംസ്.