കൊച്ചി:2013ൽ ദുൽഖർ സൽമാനൊപ്പം പട്ടം പോലെ എന്ന ചിത്രത്തിൽ നായികയായാണ് മാളവിക അഭിനയരംഗത്തേക്ക് കടന്നുവന്നത്. ഛായാഗ്രാഹകനായ അഴഗപ്പന്റെ ആദ്യത്തെ സംവിധാന സംരംഭമായിരുന്നു പട്ടം പോലെ. പിന്നാലെ നിർണ്ണായകം എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി.
ഇതിലെ അഭിനയത്തിന് ജേസി അവാർഡിന്റെ പ്രത്യേക ജൂറി പുരസ്കാരം മാളവികയ്ക്ക് ലഭിച്ചിരുന്നു. വിജയ് ചിത്രം മാസ്റ്ററിലൂടെയാണ് നടി തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ഛായാഗ്രാഹകൻ കെ.യു മോഹനന്റെ മകളാണ് മാളവിക.
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നുള്ള കുടുംബമാണെങ്കിലും മാളവിക വളർന്നത് മുംബൈ നഗരത്തിലാണ്. മുംബൈയിലെ വിൽസൺ കോളേജിൽ നിന്നും മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്ത താരം ക്രിസ്റ്റി എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തിൽ ചുവടുറപ്പിക്കാൻ എത്തുകയാണ്.
യുവനിരയിലെ ഏറെ ജനപ്രിയ താരമായ മാത്യു തോമസാണ് ക്രിസ്റ്റിയിൽ നായകൻ. ചിത്രത്തിന്റെ ടീസർ പുറത്തുവന്നപ്പോൾ മുതൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
രണ്ട് മില്യൻ വ്യൂസ് കടന്ന് യൂട്യൂബിലെ ട്രെൻഡിംഗ് പട്ടികയിൽ ടീസർ ഇപ്പോഴുമുണ്ട്. നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നോക്കി മൗണ്ടൻ സിനിമാസിൻ്റെ ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്നാണ്.
ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയ എസ്. കുറുപ്പ്, സ്മിനു സിജോ, മഞ്ജു പത്രോസ്, വീണാ നായർ എന്നിവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്.
ഇപ്പോഴിത ക്രിസ്റ്റി സിനിമയുടെ ഭാഗമായപ്പോഴുള്ള അനുഭവം നായിക മാളവിക മോഹനൻ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ.
‘ക്രിസ്റ്റിയിലെ പോലെ വ്യത്യസ്തമായ പ്രണയം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ആർട്ടിസ്റ്റുകൾക്ക് കുറച്ച് തൊലിക്കട്ടി വേണം. പേഴ്സണൽ ലൈഫിൽ കയറി വളരെ തെറ്റായ ലിക്അപ് റൂമേർസ് ആളുകൾ പറയുമ്പോൾ അത് ഞാൻ എഞ്ചോയ് ചെയ്യാറില്ല.’
‘വർക്കൗട്ട് ചെയ്ത് കഴിയുമ്പോൾ പോസിറ്റിവിറ്റി തോന്നാറുണ്ട്. ആരാധകരെ കൊണ്ടുള്ള ചില അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. തമിഴിൽ നിന്നാണ് അനുഭവം ഏറെയും ഉണ്ടായിട്ടുള്ളത്. ഒരു പ്രാവശ്യം ഞാൻ എന്റെ തന്നെ ഒരു വെഡ്ഡിങ് ഇൻവിറ്റേഷൻ കണ്ടിരുന്നു.’
‘തിയ്യതി അടക്കം എല്ലാമുണ്ടായിരുന്നു. ഒരു ന്യൂസ് പേപ്പർ ആർട്ടിക്കിളിലാണ് കണ്ടത്. അങ്ങനെയുള്ള ഫണ്ണി എക്സ്പീരിയൻസുണ്ടായിരുന്നു. മാത്യുവിന്റെ ഫോക്കസ് എപ്പോഴും കഥാപാത്രത്തിലാണ്. അതിനാൽ അവന്റെ കൂടെ അഭിനയിക്കുമ്പോൾ വളരെ കംഫർട്ടാണ്.’
‘ചില സിനിമകൾ വർക്കാവാത്തതിൽ സങ്കടം തോന്നിയിട്ടുണ്ട്. ചില സംവിധായകർ എന്റെ ആ സിനിമകൾ കണ്ടിട്ട് പിന്നീട് അവരുടെ സിനിമകളിലേക്ക് വിളിച്ചിട്ടുമുണ്ട്. എന്റെ അമ്മമ്മ എന്നോട് ചോദിക്കാറുണ്ട് എന്തിനാണ് അഭിനയിക്കുന്നത് കല്യാണം കഴിച്ചൂടെയെന്ന്.’
‘അവരുടെ മൈൻഡ് സെറ്റ് അങ്ങനെയാണ്. എന്റെ മാതാപിതാക്കൾ തന്നെ എന്നോട് പറയാറുണ്ട്. വളരെ വൈകി കല്യാണം കഴിച്ചാൽ മതി.’
‘ഇപ്പോഴെ വിവാഹം കഴിക്കേണ്ട. നീ വർക്ക് ചെയ്യൂ, പണം സമ്പാദിക്കൂ, യാത്രകൾ പോകൂവെന്നൊക്കെ. എന്റേത് ലിബറൽ പാരന്റ്സാണ്. എന്റെ ഒരുപാട് രഹസ്യങ്ങൾ അറിയാവുന്നത് ശ്രിദ്ധക്കാണ്.’
‘ക്രിസ്റ്റിയിലെ ഒരു സീൻ ചെയ്യുന്ന സമയത്ത് സംവിധായകൻ നാണം കാരണം സംവിധാനം ചെയ്യാൻ വന്നില്ല. സെലിബ്രിറ്റി ക്രഷ് ഉണ്ടായിട്ടുണ്ട്.’
‘പക്ഷെ പേര് പറയാൻ പറ്റില്ല. ബോക്സ് ഓഫീസ് നമ്പർ ആലോചിച്ച് എടുത്ത സിനിമയല്ല ക്രിസ്റ്റി. ഒരു വിഷ്വൽ ട്രീറ്റായിരിക്കും സിനിമ. ജെനുവിനായി എനിക്ക് നല്ല വിശ്വാസമുള്ള സിനിമയാണ് ക്രിസ്റ്റി’ മാളവിക മോഹനൻ പറഞ്ഞു.