കൊച്ചി:കുറച്ച് ദിവസം മുൻപാണ് മിലൻ എന്ന വിദ്യാർത്ഥി ‘ആകാശമായവളെ’ എന്ന ഗാനം ആലപിച്ചത് ശ്രദ്ധ നേടിയത്. പ്രജേഷ് സെൻ സംവിധാനം ചെയ്‌ത ‘വെള്ളം’ എന്ന ചിത്രത്തിലെ ഷഹബാസ് അമൻ പാടിയ ഗാനമാണ് ക്ലാസ് മുറിയിൽ വിദ്യാർത്ഥി ആലപിച്ചത്.
അദ്ധ്യാപകനായ പ്രവീൺ എം കുമാർ ആണ് ഈ വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചത്. പിന്നാലെ ഈ എട്ടാം ക്ലാസുകാരന് അഭിനന്ദന പ്രവാഹമായിരുന്നു. ഇപ്പോഴിതാ മിലനെ തേടി ഒരു ഉഗ്രൻ ഓഫറും എത്തിയിട്ടുണ്ട്. കുഞ്ഞ് ഗായകന് സിനിമയിൽ പാടാൻ അവസരം നൽകുമെന്ന് പ്രജേഷ് സെന്‍ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ക്ലാസ് മുറിയിൽ മനോഹരമായി പാട്ട് പാടുന്ന കുട്ടി കൂട്ടുകാരുടെ വീഡിയോ പലതും കാണാറുണ്ട്. അത്തരത്തിൽ കണ്ണൂരിൽ നിന്നുള്ള ഒരു വിഡിയോ ശ്രദ്ധയിൽ പെടുത്തിയത് സുഹൃത്തും മാദ്ധ്യമ പ്രവർത്തകയുമായ വിനിതയാണ്. അങ്ങനെയാണ് അന്ധതയെ അതിജീവിച്ച അനന്യക്കുട്ടിയെക്കൊണ്ട് വെള്ളത്തിലെ പുലരിയിലച്ഛൻ്റെ… എന്ന പാട്ട് പാടിക്കുന്നത്. എല്ലാവരും നെഞ്ചേറ്റിയ ഒരു പാട്ടായിരുന്നു അത്.
കഴിഞ്ഞ ദിവസം അതുപോലെ ക്ലാസ് മുറിയിൽ പാട്ട് പാടുന്ന മിലൻ എന്ന കുട്ടിയുടെ വിഡിയോ അധ്യാപകൻ പ്രവീൺ ഷെയർ ചെയ്തത് ശ്രദ്ധയിൽ പെട്ടു. ആകാശമായവളേ പാടി പലരും അയച്ചു തരാറുണ്ട്. ഷഹബാസിന്റെ ശബ്ദത്തിന് പകരം വയ്ക്കാനാവില്ലെങ്കിലും എല്ലാവരും ആ പാട്ട് മൂളി നടക്കുന്നതിൽ പരം സന്തോഷമെന്താണ്. നിധീഷിന്റെ വരികളിൽ ബിജിബാൽ ഈണമിട്ട് ആദ്യം പാടി തന്ന ആ നിമിഷത്തിൽ തന്നെ എനിക്കേറ്റവും പ്രിയപ്പെട്ടതായി ആകാശമായവളേ… മാറിയിരുന്നു.
സത്യത്തിൽ കുഞ്ഞു മിലന്റെ പാട്ട് വല്ലാതയങ്ങ് കണ്ണു നനയിച്ചു. മിലന്റെ അദ്ധ്യാപകനെയും മിലനെയും വിളിച്ചു. സന്തോഷം അറിയിച്ചു. അടുത്ത സിനിമകളിൽ മിലന് പാട്ട് പാടാൻ അവസരം നൽകുമെന്ന് അറിയിച്ചു, മിലന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഇനിയും പാടട്ടെ ആഹ്ലാദിച്ചു പഠിച്ച് വളരെട്ടെ നമ്മുടെ കുട്ടികൾ…എല്ലാം നന്നായി വരുമെന്ന് പ്രതീക്ഷിക്കുന്നു. മിലന് ആശംസകൾ.