വിഘ്‌നേഷ് ശിവന്റെ എടുത്തുചാട്ടം,താരദമ്പതികള്‍ക്ക് നഷ്ടമായത് 25 കോടി രൂപ
ചെന്നൈ: ആരാധകര്‍ ഏറെ കാത്തിരുന്ന ഒന്നായിരുന്നു നയന്‍ താര – വിഗ്‌നേഷ് ശിവന്‍ എന്നിവരുടെ വിവാഹം. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ളിക്‌സ് ഇവരുടെ വിവാഹം സംപ്രേഷണം ചെയ്യുന്നതിന് വേണ്ടി 25 കോടി രൂപയുടെ കരാര്‍ നവദമ്പതികളുമായി ഒപ്പുവച്ചിരുന്നു. എന്നാല്‍ ലഭിക്കുന്ന വിവരങ്ങളനുസരിച്ച് നെറ്റ്ഫ്‌ളിക്‌സ് ഏകപക്ഷീയമായി ഈ കരാറില്‍ നിന്ന് ഇപ്പോള്‍ പിന്മാറിയിരിക്കുകയാണ്.
വിഗ്‌നേഷ് ശിവന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ചടങ്ങില്‍ പങ്കെടുത്ത അതിഥികളുടെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ഇതാണ് നെറ്റ്ഫ്‌ളിക്‌സിനെ ചൊടിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഗൗതം മേനോനാണ് നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി നയന്‍ താര – വിഗ്‌നേഷ് ശിവന്‍ വിവാഹം സംവിധാനം ചെയ്തത്. ഇതിന് വേണ്ടി ദമ്പതികള്‍ക്ക് നല്‍കിയ കരാര്‍ തുകയ്ക്ക് പുറമേ വലിയൊരു തുകയും നെറ്റ്ഫ്‌ളിക്‌സ് ചെലവിട്ടിരുന്നു.
തമിഴ് സംഗീത സംവിധായകരായ എ ആര്‍ റഹ്മാന്‍, അനിരുദ്ധ്, നടന്മാരായ രജനീകാന്ത്, ഷാരുഖ് ഖാന്‍ തുടങ്ങിയ വന്‍ താരനിരയാണ് ഇവരുടെ വിവാഹചടങ്ങിനെത്തിയത്. എന്നാല്‍ ഈ വിവരങ്ങള്‍ നെറ്റ്ഫ്‌ളിക്‌സിലൂടെ പുറത്തുവരണമെന്നതായിരുന്നു കമ്പനിയുടെ ആവശ്യം.
പക്ഷേ വിഗ്‌നേഷ് ശിവന്‍ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ഷാരുഖ് ഖാന്റെയും രജനീകാന്തിന്റെയും ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത് നെറ്റ്ഫ്‌ളിക്‌സിനെ ചൊടിപ്പിച്ചു. ഇത് കൂടാതെ വിവാഹചടങ്ങിലെ ചില പ്രധാന ചടങ്ങുകളും വിഗ്‌നേഷ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ഇതിനാലാണ് നെറ്റ്ഫ്‌ളിക്‌സ് കരാറില്‍ നിന്ന് പിന്മാറിയതെന്ന് കരുതുന്നു.
വിവാഹശേഷം നയന്‍താര പ്രതിഫലം കുത്തനെ ഉയര്‍ത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.തുടര്‍ച്ചയായി ഇറങ്ങിയ നയന്‍താര ചിത്രങ്ങളെല്ലാം ഹിറ്റായി മാറിയതാണ് പ്രതിഫലം ഉയര്‍ത്താന്‍ കാരണം.ഷാറുഖ് ഖാനൊപ്പം അഭിനയിച്ച ജവാന്‍ എന്ന ചിത്രമാണ് നയന്‍താരയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ജവാനില്‍ നയന്‍താരയ്ക്ക് 7 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അടുത്തതായി നായികാപ്രാധാന്യമുള്ള ഒരു ചിത്രത്തിലാണ് നയന്‍താര അഭിനയിക്കുക. പത്ത് കോടി രൂപയാണ് താരം പ്രതിഫലമായി ചോദിച്ചതെന്നും ഇതിന് നിര്‍മാതാക്കള്‍ സമ്മതം മൂളിയെന്നും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ പത്ത് വര്‍ഷമായി ദക്ഷിണേന്ത്യന്‍ താര ലോകം അടക്കി വാഴുന്ന, ആരാധകര്‍ ഏറെ സ്നേഹത്തോടെ നയന്‍സ് എന്ന് വിളിക്കുന്ന നയന്‍താര, വിവാഹ ശേഷമാണ് പ്രതിഫലം ഉയര്‍ത്തുന്നത്. ജൂണ്‍ 9നാണ് നടി നയന്‍താരയും സംവിധായകനും നിര്‍മാതാവുമായ വിഘ്നേഷ് ശിവനും വിവാഹിതരായത്.
ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോര്‍ട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകള്‍. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മാധ്യമങ്ങള്‍ക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശനമില്ലായിരുന്നു.