ഹൈദരാബാദ്:അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2 ലെ അണിയറക്കാരുമായി തെലങ്കാനയിൽ നിന്ന് ആന്ധ്രാപ്രദേശിലേക്ക് മടങ്ങുകയായിരുന്ന ബസ് അപടത്തില്‍പ്പെട്ടു. ഹൈദരാബാദ്-വിജയവാഡ ഹൈവേയിൽ നാർക്കറ്റ്പള്ളിക്ക് സമീപമാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.
അപകടത്തിൽ പരിക്കേറ്റ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സാങ്കേതിക പ്രവര്‍ത്തകരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൂട്ടിംഗ് സംഘം സഞ്ചരിച്ച ബസ് മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് വിവരം.
തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം നിര്‍ത്തിയിട്ട ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസിലേക്ക് പുഷ്പ 2 യൂണിറ്റ് ബസ് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം വൻ ഗതാഗതക്കുരുക്കാണ് ഹൈദരാബാദ്-വിജയവാഡ ഹൈവേയില്‍ ഉണ്ടായത്.
അപകടത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തെ കുറിച്ച് കൂടുതൽ അറിയാൻ പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് അതിവേഗം പുരോഗമിക്കവെയാണ് വാഹനം അപകടത്തിപെട്ടത്
അല്ലു അർജുന്റെ ജന്മദിനത്തോടനുബന്ധിച്ച് ഏപ്രിൽ 7 ന് റിലീസ് ചെയ്ത ടീസറിലൂടെ പുഷ്പ 2 വിന്‍റെ ആദ്യത്തെ ഔദ്യോഗിക അപ്ഡേറ്റ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ നല്‍കിയിരുന്നു. തിരുപ്പതി ജയിലിൽ നിന്ന് വെടിയുണ്ടകളോടെയാണ് പുഷ്പ രക്ഷപ്പെട്ടതെന്നും അദ്ദേഹം ഒളിവിലാണെന്നും ‘വേർ ഈസ് പുഷ്പ’ എന്ന വീഡിയോ ടീസറില്‍ പറയുന്നുണ്ടായിരുന്നു. പുഷ്പ എവിടെ എന്ന ചോദ്യത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.